വടകര : (https://vatakara.truevisionnews.com/) നഗരപരിധിയിലെ ഹോട്ടലുകളിൽ നിന്നുൾപ്പെടെ മലിനജലവും കക്കൂസ് മാലിന്യവും പൊതു ഒഴുക്കുചാലിലേക്ക് തുറന്നുവിടുന്നത് കണ്ടെത്തിയ പശ്ചാത്തലത്തിൽ പരിശോധന ഊർജിതമാക്കി നഗരസഭ ആരോഗ്യവിഭാഗം. തിങ്കൾ രാവിലെ നടത്തിയ പരിശോധനയിൽ പുതിയ ബസ് സ്റ്റാൻഡിലെ എംആർഎ ഹോട്ടലിൽനിന്ന് കക്കൂസ് മാലിന്യം ഉൾപ്പെടെ മലിനജലം തുറന്നുവിടുന്നതായി കണ്ടെത്തിയിരുന്നു.
തുടർന്നാണ് ചൊവ്വാഴ്ചയും പരിശോധനയുമായി അധികൃതർ മുന്നിട്ടിറങ്ങിയത്. ചൊവ്വ രാവിലെ എടോടിമുതൽ പുതിയ ബസ് സ്റ്റാൻഡ് വരെയുള്ള ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലായിരുന്നു പരിശോധന. ഇവിടെ ഡാനിയ, ഗായത്രി, എസ്ആർ, തറവാട് ഹോട്ടലുകളിലും ലൈഗ ഗോൾഡിലുമായിരുന്നു പരിശോധന.
പല ഹോട്ടലുകളുടെയും അടുക്കള ഉൾപ്പെടെ വൃത്തിഹീനമായ ചുറ്റുപാടിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടത്തി. മതിയായ മാലിന്യസംസ്കരണ സംവിധാനങ്ങളും ഇവിടങ്ങളിൽ ഇല്ല. ലൈസൻസും പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ സർട്ടിഫിക്കറ്റും ഇല്ലാതെ അനധികൃതമായി ആളുകളെ കെട്ടിടത്തിൽ താമസിപ്പിച്ചുമാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി.
അഞ്ച് സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി പിഴ ഈടാക്കാനുള്ള നടപടി സ്വീകരിച്ചു. പലയിടങ്ങളിലും സ്ലാബുകൾ പൊളിച്ചു നീക്കി തുടർപരിശോധന നടത്തേ ണ്ടതുണ്ട്. ഇതിനായി പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയും നഗരസഭതേടി. നഗരഹൃദയത്തിൽനിന്ന് ഒരുവിധ മാലിന്യങ്ങളും കരിമ്പനത്തോട്ടിലേക്ക് ഒഴുകി എത്താതിരിക്കാനുള്ള തീവ്രപരിശ്രമത്തിന്റെ ഭാഗമാണ് പരിശോധനയെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ക്ലീൻ സിറ്റി മാനേജൻ കെ പി രമേശൻ പറഞ്ഞു. എച്ച്ഐ ഷറിൻ, ജെഎ ച്ച്ഐ മാരായ അജിന, അനിൽ കുമാർ, സാജിദ്, ഷീജ, മനീഷ തുടങ്ങിയവർ പങ്കെടുത്തു.
Caution: Municipality tightens inspection of waste discharged into public drains









































