---
title: "സ്വന്തം ജീവൻ പണയം വെച്ച നന്മ;  കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ യുവാവിന് രക്ഷകരായി ഓടിയെത്തി 'രക്ഷാമിത്ര'"
english_title: "Vadakara Rescue: Man Trapped in Well While Saving Goat Kid, Saved by Rakshamithra Team"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/373557/vadakara-rakshamithra-rescue-man-goat-kid-well-up"
published_at: "2026-07-20T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5e07d27956b_goat_.jpg"
keywords: ["Latest news", "Vadakara", "Rakshamithra", "Rescue Operation", "Maniyoor Panchayat", "Kerala News"]
---

# സ്വന്തം ജീവൻ പണയം വെച്ച നന്മ;  കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ യുവാവിന് രക്ഷകരായി ഓടിയെത്തി 'രക്ഷാമിത്ര'

> **Lead Summary:** വടകര: **[** മിണ്ടാപ്രാണികളോടുള്ള കാരുണ്യവും സ്നേഹവും ഒടുവിൽ ഒരു വലിയ രക്ഷാപ്രവർത്തനത്തിന് വഴിയൊരുക്കി. വടകര മന്തരത്തൂർ എടവലത്ത് കണ്ടി മീത്തൽ വീട്ടിലെ കിണറ്റിൽ അബദ്ധത്തിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ രമേശൻ കിണറ്റിൽ കുടുങ്ങി.

## Article Content

വടകര: **[** മിണ്ടാപ്രാണികളോടുള്ള കാരുണ്യവും സ്നേഹവും ഒടുവിൽ ഒരു വലിയ രക്ഷാപ്രവർത്തനത്തിന് വഴിയൊരുക്കി. വടകര മന്തരത്തൂർ എടവലത്ത് കണ്ടി മീത്തൽ വീട്ടിലെ കിണറ്റിൽ അബദ്ധത്തിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ രമേശൻ കിണറ്റിൽ കുടുങ്ങി.

ഒടുവിൽ ഗ്രാമത്തിന്റെ സ്വന്തം രക്ഷാസേനയായ ‘രക്ഷാമിത്ര’യും നാട്ടുകാരും ചേർന്ന് അദ്ദേഹത്തെ സുരക്ഷിതമായി കരക്കെത്തിച്ചു.ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കിണറ്റിൽ വീണ് പിടയുന്ന ആട്ടിൻകുട്ടിയെ മരണത്തിന് വിട്ടുകൊടുക്കാൻ രമേശന്റെ മനസ്സ് അനുവദിച്ചില്ല.

കയറിന്റെ സഹായത്തോടെ അദ്ദേഹം കിണറ്റിലിറങ്ങിയെങ്കിലും മുകളിലേക്ക് കയറാൻ സാധിക്കാതെ അതിനകത്ത് കുടുങ്ങിപ്പോവുകയായിരുന്നു.വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ വാർഡ് മെംബർ ഷൈജ പാലിശ്ശേരി മണിയൂർ പഞ്ചായത്തിന്റെ സന്നദ്ധ രക്ഷാപ്രവർത്തക സംഘമായ ‘രക്ഷാമിത്ര’ ടീമിനെ വിവരമറിയിച്ചു.

ഒരു മിനിറ്റ് പോലും പാഴാക്കാതെ സ്ഥലത്തെത്തിയ രക്ഷാമിത്ര പ്രവർത്തകർ നാട്ടുകാരുടെ പൂർണ സഹകരണത്തോടെ അതിസാഹസികമായ രക്ഷാപ്രവർത്തനം നടത്തി.ഹാഷിം, സന്തോഷ്, ഷമീർ, റൈഹാനത്ത് എന്നിവരടങ്ങിയ രക്ഷാമിത്ര ടീം കിണറ്റിലിറങ്ങി രമേശനെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. ആട്ടിൻകുട്ടിയെയും പിന്നീട് സുരക്ഷിതമായി പുറത്തെടുത്തു.

സ്വന്തം ജീവൻ പോലും പണയം വെച്ച് ഒരു മിണ്ടാപ്രാണിയെ രക്ഷിക്കാൻ തുനിഞ്ഞ രമേശന്റെ നന്മയ്ക്കും, ആപത്ഘട്ടത്തിൽ ഓടിയെത്തി താങ്ങായ രക്ഷാമിത്ര ടീമിന്റെ സമയോചിതമായ ഇടപെടലിനും നാടൊന്നാകെ അഭിനന്ദനവുമായി രംഗത്തെത്തി.

മണിയൂർ പഞ്ചായത്തിന്റെ മാതൃകാപരമായ രക്ഷാപ്രവർത്തന സംവിധാനമായ രക്ഷാമിത്രയുടെ ഇടപെടൽ നേരത്തെയും നിരവധി ജീവനുകൾ രക്ഷിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ പരിശീലനം ലഭിച്ചവരുടെ സഹായം തേടണമെന്നും സ്വയം സാഹസികമായി കിണറുകളിൽ ഇറങ്ങരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/373557/vadakara-rakshamithra-rescue-man-goat-kid-well-up)