വടകര : (vatakara.truevisionnews.com)അന്തരീക്ഷത്തിലേക്കുള്ള ഹരിത ഗൃഹവാതകങ്ങളുടെ അമിതമായ ബഹിർഗമനം ആഗോളതാപനത്തിനും അതുവഴി കാലാവസ്ഥാ വ്യതിയാനത്തിനും വഴിവെക്കുന്നു.
അടുത്തകാലത്തായി കേരളം കാലാവസ്ഥാ വ്യതിയാനത്തിന്റെ വലിയ പ്രത്യാഘാതങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന അവസ്ഥ നമ്മൾ കാണുന്നുണ്ട്. അതിവൃൃഷ്ടി,ഉരുൾപൊട്ടൽ, ഭൂചലനം, കടലിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, താപനിലയിൽ ഉള്ള വർദ്ധനവ്, വരൾച്ച, പ്രളയം എന്നിവ കേരളത്തിനും തുടർ അനുഭവമായി വരികയാണ്.
ഈയൊരു സാഹചര്യത്തിൽ ആഗോളതാപനം കുറയ്ക്കുന്നതിനു വേണ്ടിയും പരിസ്ഥിതി പുനസ്ഥാപനത്തിനു വേണ്ടിയും നടപ്പിലാക്കുന്ന പദ്ധതിയാണ് നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ. ഹരിത കേരള മിഷന്റെ സഹകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്ത പദ്ധതി പദ്ധതിയാണിത്.
ഈയൊരു പ്രവർത്തനം ഏറ്റെടുത്ത ആദ്യ നഗരസഭയാണ് വടകര നഗരസഭ. വടകര നഗരസഭയിൽ ഇതിനോടകം തന്നെ ഈ പദ്ധതിയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണ്. ജല ബജറ്റ്,പച്ചതുരുത്ത്, ഊർജ്ജ സംരക്ഷണ ക്യാമ്പയിനുകൾ, ഹരിത സ്ഥാപനങ്ങൾ, ഹരിത അയൽക്കൂട്ടം എന്നിവ അവയിൽ ചിലതാണ്.
കുട്ടികളിലൂടെ ഈ മേഖലയിൽ വലിയൊരു മാറ്റം സൃഷ്ടിക്കുക എന്നത് ലക്ഷ്യമാക്കിയാണ് നഗരസഭ സ്കൂൾ വിദ്യാർഥികൾക്ക് ദ്വിദിന ക്യാമ്പ് നടത്താൻ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ എൽപി,യുപി വിദ്യാർഥികൾക്കാണ് ക്യാമ്പ് നടത്തുക. സെപ്റ്റംബർ 18,19 നാണ് ഈ ക്യാമ്പ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
സ്കൂൾതലത്തിൽ ക്വിസ് നടത്തിയാണ് ക്യാമ്പിലേക്ക് കുട്ടികളെ തിരഞ്ഞെടുത്തത് . ആഗസ്റ്റ് 30ന് സ്കൂൾതലത്തിൽ ക്വിസ് മത്സരം നടത്തി. കുട്ടികൾക്ക് പരിസ്ഥിതി അവബോധം നൽകുന്നതിനോടൊപ്പം അവരുടെ വീടുകളെ ഹരിതഗൃഹം ആക്കുന്നതിനും സ്കൂളിനെ ഹരിത വിദ്യാലയം ആക്കുന്നതിനും കഴിയുന്ന രീതിയിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.
ക്യാമ്പിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും നഗരസഭയുടെ നെറ്റ് സീറോ സ്റ്റുഡന്റ് അംബാസഡർമാരായി ഈ കുട്ടികളെ പ്രഖ്യാപിക്കുകയും സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും.ക്യാമ്പിനോട് അനുബന്ധിച്ച് നടക്കുന്ന മത്സരങ്ങളിൽ വിജയിക്കുന്ന കുട്ടികൾക്ക് പ്രത്യേക സമ്മാനങ്ങളും നൽകും.
2035ൽ നെറ്റ് കാർബൺ നഗരസഭയാകാൻ ലക്ഷ്യമിടുന്ന വടകരയുടെ ശ്രദ്ധേയമായ മാതൃകയാണ് കുട്ടികളുടെ ‘മ്മളെ വടേരക്കായി ഞങ്ങളും കൂടെ’ എന്ന പഠന ക്യാമ്പ്. ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ മനോജ് കുമാർ നിർവഹിച്ചു നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ പി ബിന്ദുവിന്റെ അധ്യക്ഷതയിൽ വിവിധ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ ശ്രീമതി രാജിതാപതേരി സിന്ധു പ്രേമൻ എന്നിവരും കൗൺസിൽ പാർട്ടി ലീഡർ മാരായ എൻ കെ പ്രഭാകരൻ വി കെ അസീസ് മാസ്റ്റർ കെ കെ വനജ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു വൈസ് ചെയർമാൻ പി കെ സതീശൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ലീൻ സിറ്റി മാനേജർ കെ പി രമേശൻ നന്ദി അർപ്പിച്ച് സംസാരിച്ചു
#Vadakara #Municipal #Corporation #net #zero #carbon #learning #camp #children