Feb 5, 2025 11:40 AM

വടകര: (vatakara.truevisionnews.com) സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയ മുതിർന്ന നേതാവ് പി.കെ ദിവാകരൻ വീണ്ടും ജില്ലാ കമ്മിറ്റിക്ക് കത്ത് നൽകി.

വടകരയിലെ സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടും ജില്ലാ കമ്മിറ്റിയിൽ നിന്നും പുറത്താക്കിയതിൽ അതൃപ്തി രേഖപ്പെടുത്തിയുമാണ് ജില്ലാ നേതൃത്വത്തിന് പി.കെ ദിവാകരൻ കത്ത് നൽകിയത്. ഒഴിവാക്കാൻ മതിയായ കാരണങ്ങളല്ല നൽകിയതെന്ന് കത്തിൽ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

ചൊവ്വാഴ്ച ചേർന്ന കോഴിക്കോട് ജില്ലാ കമ്മിറ്റി വടകരയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തിരുന്നില്ല. എന്നാൽ ബുധനാഴ്ച ചേരുന്ന സിപിഎം വടകര ഏരിയ കമ്മിറ്റി യോഗം വിഷയം ചർച്ച ചെയ്യുമെന്നാണ് വിവരം.

കഴിഞ്ഞദിവസം ഉണ്ടായ പാർട്ടി അണികളുടെ പ്രതിഷേധം ഉൾപ്പെടെ ചർച്ചയായേക്കും. വടകരയിലെ പ്രശ്നങ്ങൾ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് നേരത്തേയും ദിവാകരൻ ജില്ലാ കമ്മിറ്റിക്ക് കത്ത് നൽകിയിരുന്നു . എന്നാൽ ഇതിന് ശേഷം നടന്ന ജില്ലാ സമ്മേളനത്തിൽ ദിവാകരനെ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കുകയായിരുന്നു.

വടകരയില്‍ നടന്ന സി.പി.എം ജില്ലാ സമ്മേളനത്തിൽ പി.കെ ദിവാകരന്‍ ഉള്‍പ്പെടെ 11 പേരെയാണ് ഒഴിവാക്കിയത്. 13 പേരെ പുതുതായി ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ദിവാകരനെ അനുകൂലിച്ചും നേതൃത്വത്തെ വിമര്‍ശിച്ചും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

#Dissatisfaction #being #fired #PKDivakaran #sent #letter #CPM #Kozhikode #district #committee

Next TV

Top Stories