വടകര: ( vatakara.truevisionnews.com) സെറിബ്രൽ പാൾസി രോഗത്തോട് പൊരുതുമ്പോഴും തൻ്റെ എഴുത്തുകളിലൂടെ ശ്രദ്ധേയനായ അഖിൽ രാജ് വടകരയുടെ തിരക്കഥയിൽ ഒരുങ്ങിയ "അയാം " എന്ന ഹ്രസ്വ സിനിമയുടെ ജനകീയ പ്രദർശനം വടകരയിൽ നടന്നു.
സെറിബ്രൽ പാൾസി രോഗബാധിതനായ ഒരു യുവാവ് നേരിടുന്ന ജീവിത പ്രതിസന്ധികളും അയാളുടെ അതിജീവനവുമാണ് ഹ്രസ്വ ചിത്രത്തിൻ്റെ പ്രമേയമായ് അഖിൽ തിരഞ്ഞെടുത്തത് . വർഷങ്ങൾക്ക് മുമ്പ് രചന പൂർത്തിയായെങ്കിലും ദൃശ്യാവിഷ്കാരം നടത്താൻ കഴിഞ്ഞില്ല. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് അഖിലിൻ്റെ സ്വപ്നം പൂവണിഞ്ഞത്.




പരസ്യ ചിത്ര സംവിധായകൻ അശ്വന്ത് ബട്ടർഫ്ളൈ ആണ് സംവിധാനം നിർവ്വഹിച്ച് അഖിലിൻ്റെ സ്വപ്നത്തിന് സാക്ഷാത്കാരമേകിയത് . അജ്മൽ ഇംപാല യാണ് ഛായാഗ്രഹണം.ചലച്ചിത്ര താരം അശ്വതി പട്ടാമ്പി, രമേശൻ കല്ലേരി, മണലിൽ മോഹനൻ , ഋഷിക, ബീന തുടങ്ങിയവർക്കൊപ്പം പ്രധാന വേഷത്തിൽ അഖിലും കഥാപാത്രമായി. വിനീഷ് ഗെയിൻ മീഡിയ എഡിറ്റും സൗണ്ട് മിക്സും ചെയ്ത ചിത്രത്തിൻ്റെ കലാ സംവിധാനം ക്ലിൻറ് മനുവും, പശ്ചാത്ത സംഗീതം സലാം വീരോളിയുമാണ് നിർവഹിച്ചത് .
കലാസ്നേഹികൾ ഒഴുകിയെത്തിയ പ്രദർശന വേദി നിരവധി വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയായി. വടകര മുനിസിപ്പൽ പാർക്കിൽ പ്രദർശനം കെ.കെ രമ എം എ ൽ എ ഉദ്ഘാടനം ചെയ്തു.സംഗീത സംവിധായകൻ പ്രേംകുമാർ വടകര മുഖ്യാതിഥിയായ്. മണലിൽ മോഹനൻ , അശ്വന്ത് ബട്ടർഫ്ളൈ , അഖിൽ രാജ് വടകര, അജ്മൽ ഇംപാല എന്നിവർ സംസാരിച്ചു.
'Ayam' short film public screening