വടകര :(vatakara.truevisionnews.com) മണിയൂർ ഗ്രാമപഞ്ചായത്തിലെ മഞ്ചയിൽകടവ് അക്വാടൂറിസം പദ്ധതി നാടിനു സമർപ്പിച്ച് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാനം വിനോദസഞ്ചാര മേഖലയിൽ വൻ മുന്നേറ്റമാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
സഞ്ചാരികളുടെ എണ്ണത്തിൽ സംസ്ഥാനവും കോഴിക്കോട് ജില്ലയും സർവകാല റെക്കോർഡിലെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശ സഞ്ചാരികളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ വർദ്ധിച്ചു. ആഭ്യന്തര സഞ്ചാരികളുടെ എണ്ണവും കൂടി. ഈ അധിക മുന്നേറ്റം നിലനിർത്താൻ കൂടുതൽ ഡെസ്റ്റിനേഷനുകൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡെസ്റ്റിനേഷൻ ടൂറിസം വളരുന്നതിന്റെ ഉദാഹരണമാണ് മഞ്ചയിൽകടവ് പദ്ധതി. വൈകാതെ തന്നെ തിരക്കേറിയ ടൂറിസം ഡെസ്റ്റിനേഷനായി ഇടം മാറുമെന്നും മന്ത്രി പറഞ്ഞു.ചടങ്ങിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി, കെ ടി ഐ എൽ ചെയർമാൻ എസ് കെ സജീഷ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി റീന, മണിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ അഷ്റഫ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി അനീഷ്, വാർഡ് മെമ്പർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രകൃതി മനോഹാരമായ മണിയൂര്‍ പഞ്ചായത്തിലെ പതിയാരക്കരയിലാണ് മത്സ്യസഞ്ചാരി പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്തിന്റെ ഒരു ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ രണ്ട് ലക്ഷം രൂപയും ചെലവിട്ട് തൊഴിൽരഹിതരായ യുവാക്കളെ ഉൾപ്പെടുത്തി മഞ്ചയില്‍ക്കടവ് അക്വാടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കിയത്.
കുട്ടികളുടെ പാര്‍ക്ക്, ഇളനീര്‍ പാര്‍ലര്‍, വിശ്രമകേന്ദ്രം, 80 പേര്‍ക്ക് ഇരിക്കാവുന്ന ഹാള്‍, റസ്റ്റോറന്റ്, മീന്‍ മ്യൂസിയം, പെഡല്‍ ബോട്ട്, സെല്‍ഫി സ്‌പോട്ടുകള്‍ തുടങ്ങിയവ ഇവിടെയുണ്ട്. വിവാഹ നിശ്ചയം, സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട്, ജന്മദിനാഘോഷം, കൂടിച്ചേരലുകള്‍ കുടുംബസംഗമങ്ങള്‍ തുടങ്ങിയ പരിപാടികള്‍ നടത്താനുള്ള സൗകര്യവും രുചിയൂറും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. വടകര പുതുപ്പണം പാലയാട്ട് നടയില്‍ നിന്നും തീരദേശ റോഡ് വഴിയും മണിയൂര്‍ പതിയാരക്കര വഴിയും മഞ്ചയില്‍ക്കടവിലേക്ക് എത്താം. പ്രവേശന ഫീസ് 30 രൂപയാണ്.
'Travel'; Minister Muhammad Riyas dedicates Manjailkadavu to the country of aquatourism