വടകര: (vatakara.truevisionnews.com ) മണിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിനിടെ പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കുറ്റവാളിയെ അറസ്റ്റ് ചെയ്യുക, കുറ്റക്കാർക്ക് ഒത്താശ പാടിയ പഞ്ചായത്ത് ഭരണസമിതി പിരിച്ചുവിടുക എന്നീ ആവശ്യങ്ങളുമായി യുഡിവൈഎഫ്-റവല്യൂഷണറി യൂത്ത് പ്രവർത്തകർ മണിയൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.
നൂറുകണക്കിന് യുവാക്കൾ അണിനിരന്ന മാർച്ച് പഞ്ചായത്ത് ഓഫീസ് ഗെയിറ്റിനു സമീപം തടഞ്ഞ പോലീസുമായി ഏറെ നേരം ഉന്തുംതള്ളുമുണ്ടായി. ബാരിക്കേഡുകളിൽ ഒന്ന് മറിച്ചിടുകയുമുണ്ടായി. പിന്നീട് നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി.പി.ദുൽഖിഫിൽ മാർച്ച് ഉദ്ഘാടനം ചെയ്തു. പീഡനക്കേസ് പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനു പകരം പ്രശ്‌നം പറഞ്ഞു തീർക്കാൻ ശ്രമിച്ച പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതിയും ഇറങ്ങിപ്പോകണമെന്ന് ദുൽഖിഫിൽ പറഞ്ഞു. വിഷ്ണു മുതുവീട്ടിൽ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹലിയ, റവല്യൂഷണറി യൂത്ത് നേതാവ് ശരണ്യ വാഴയിൽ, പി.സി.ഷീബ, ബിജിത്താൽ തെക്കേടത്ത്, ചാലിൽ അഷ്റഫ് എന്നിവർ പ്രസംഗിച്ചു. അതുൽബാബു സ്വാഗതം പറഞ്ഞു.




ഇക്കഴിഞ്ഞ 20ന് കേരളോത്സവ സംഘാടകസമിതിയുടെ ഭാഗമായ ആൾ വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഇതുസംബന്ധിച്ച് മണിയൂർ സ്വദേശിയായ റിട്ട. അധ്യാപകന്റെപേരിൽ പയ്യോളി പോലീസ് കേസെടുത്തു. സംഭവം ഒതുക്കിത്തീർക്കാൻ മണിയൂർ പഞ്ചായത്ത് ഭരണനേതൃത്വം ശ്രമിച്ചെന്ന ആരോപണമാണ് പ്രതിഷേധത്തിനിടയാക്കിയത്.
Sexual assault against girl; UDYF-Revolutionary Youth holds protest march to Maniyur Panchayat office













































.jpg)