അഴിയൂർ: വില്ലേജിൽ പനാട താഴെ വയലിൽ ഡാറ്റാബേങ്കിൽ ഉൾപ്പെട്ട തണ്ണീർത്തട ഭൂമി മണ്ണിട്ട് നികത്തിയ സംഭവത്തിൽ ഒരാഴ്ച പിന്നിട്ടിട്ടും നടപടി സ്വീകരിക്കാത്ത റവന്യൂ അധികൃതരുടെ നടപടിയിൽ പ്രതിഷേധം ശക്തമാവുന്നു. അഴിയൂർ വില്ലേജ് അഴിയൂർ ദേശം റി.സ 209/1 നമ്പറിൽ പെട്ടതും മയ്യഴി പുഴയോരവുമായി ബന്ധപ്പെട്ട തണ്ണീർത്തടമാണ് അവധി ദിവസങ്ങളിൽ വ്യാപകമായി മണ്ണിട്ട് നികത്തിയത്.
സംഭവം നടക്കുന്ന സമയം തന്നെ റവന്യൂ അധികൃതർക്ക് വിവരം ലഭിച്ചെങ്കിലും അവധി ദിവസങ്ങളിലെ താലൂക്ക് തല സ്ക്വാഡിന് വിവരം കൈമാറി പ്രവൃത്തി തടയാനോ വാഹനങ്ങൾ പിടിച്ചെടുക്കാനോ വില്ലേജ് അധികൃതർ തയ്യാറായിരുന്നില്ല. തണ്ണീർത്തട ഭൂമിയിൽ നിക്ഷേപിച്ച മണ്ണ് പിറ്റേ ദിവസം ജെസിബി ഉപയോഗിച്ച് നിരപ്പാക്കിയിരുന്നു.




ആ സമയം സ്പെഷ്യൽ വില്ലേജ് ഓഫീസർ സ്ഥലത്തെത്തിയെങ്കിലും ഭൂമാഫിയ ചാരന്മാർ വിവരം നൽകിയതനുസരിച്ച് ഓഫീസർ സ്ഥലത്തെത്തുന്നതിന് മുമ്പ് ജെസിബി കടന്നു കളയുകയായിരുന്നു. ഒക്ടോബർ 18ന് അഴിയൂർ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് വിൽപന നടന്ന തണ്ണീർതട ഭൂമിയാണ് പിറ്റേ ദിവസം തന്നെ മണ്ണിട്ട് നികത്തിയത്.
സ്ഥലം വാങ്ങിയ രണ്ട് വ്യക്തികളെ തിരിച്ചറിഞ്ഞിട്ടും ഇതുവരെ സ്റ്റോപ്പ് മെമ്മോ നൽകാൻ പോലും വില്ലേജ് അധികൃതർ തയ്യാറായിട്ടില്ല. ഉടമകളിൽ ഒരാളുടെ വീട് വില്ലേജ് ഓഫീസിന് മൂക്കിന് താഴെയായിട്ടും വില്ലേജ് അധികൃതർ നിസംഗത കാണിക്കുന്നുവെന്നാണ് ആരോപണം ഉയരുന്നത്. അതിനിടെ ഭൂ ഉടമകളുടെ പ്രതിനിധി വില്ലേജ് ഓഫീസിൽ എത്തി ഇടപെട്ടതായും വിവരമുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനും കൃഷി ഓഫീസർ കൺവീനറുമായ പഞ്ചായത്ത് തല എൽഎൽഎംസി (പ്രാദേശിക ഭൂ നിരീക്ഷണ സമിതി) കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് യോഗം ചേരുകയും സ്ഥലം സന്ദർശിച്ച് നികത്തിയ മണ്ണിൻ്റെ അളവും മറ്റ് വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. സമിതി വിശദമായ റിപ്പോർട്ട് ആർഡിഒക്ക് കൈമാറും. തണ്ണീർത്തട നിയമപ്രകാരം ശക്തമായ നടപടി അടിയന്തിരമായി സ്വീകരിക്കേണ്ട വിഷയത്തിലാണ് റവന്യൂ അധികൃതർ അലംഭാവം തുടരുന്നത്.
Incident of filling a wetland with soil in Azhiyur village; No action taken even after a week, protests are widespread













































.jpg)