ആയഞ്ചേരി: (vatakara.truevisionnews.com) ആയഞ്ചേരി പഞ്ചായത്ത് ഓഫീസിനടുത്ത്, പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ റോഡ് നിർമ്മിച്ചതിൻ്റെ ഭാഗമായ് പി ഡബ്ലു ഡി റോഡിൽ വെള്ളക്കെട്ട് ഉണ്ടായത് പരിഹരിക്കുന്നതിന് പി ഡബ്ലു ഡി തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം പ്രവൃത്തി ആരംഭിച്ചു. വെള്ളക്കെട്ട് കാരണം വാഹന ഗതാഗതവും, കാൽനടയാത്രയും അപകടകരമായ സാഹചര്യത്തിൽ വാഹന യാത്രക്കാർക്ക് വീണ് പരിക്ക് പറ്റുകയും, വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതിനാൽ നാട്ടുകാരുടേയും തൊഴിലാളികളുടേയും വ്യാപകമായ പ്രതിഷേധം ഉയർന്നു വന്നിരുന്നു. പഞ്ചായത്ത് ഓഫീസിന് മുമ്പിൽ രാഷ്ട്രീയ പാർട്ടികളുടെയും, യുവജന സംഘടനകളുടേയും സമരങ്ങളും, പ്രക്ഷോഭങ്ങളും അരങ്ങേറിയിരുന്നു.
കുറ്റ്യാടി എം.എൽ എ കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ സ്ഥലം സന്ദർശിക്കുകയും തുടർന്ന് അദ്ദേഹത്തിൻ്റെ ക്യാമ്പ് ഓഫീസിൽ ജനപ്രതിനിധികളുടേയും, രാഷ്ട്രീയ പാർട്ടി നേതാക്കന്മാരുടേയും, ഉദ്യോഗസ്ഥന്മാരുടേയും യോഗം ചേർന്ന് പ്രശ്ന പരിഹാരത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കാൻ പി ഡബ്ലു ഡി യോട് ആവശ്യപ്പെടുകയായിരുന്നു. പി.ഡബ്ലു ഡി തയ്യാറാക്കിയ 17 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് പൊതുമരാമത്ത് വകുപ്പിൻ്റെ അംഗീകാരം ലഭിച്ച് വളരെ പെട്ടെന്ന് ടെണ്ടർ നടപടി പൂർത്തിയാക്കിയാണ് പ്രവൃത്തി ആരംഭിച്ചത്. റോഡ് ഉയർത്തി കോൺക്രീറ്റ് ചെയ്യൽ, വശങ്ങളിൽ ഐറിഷ് ഡ്രെയിനേജ്, റോഡ് ടാറിഗ് എന്നിവ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Waterlogging in Ayanjeri Panchayat to be avoided



































