വടകര: [vatakara.truevisionnews.com] ശാസ്ത്ര ചിന്തകനും എഴുത്തുകാരനും കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സ്ഥാപകാംഗവുമായി പ്രവർത്തിച്ച പ്രൊഫ. വി. കെ. ദാമോദരനെ ആദരിച്ച് അനുസ്മരണ യോഗം നടന്നു.
പരിഷത്തിന്റെ പ്രസിഡന്റായും ശാസ്ത്രഗതി, ശാസ്ത്രകേരളം പത്രങ്ങളുടെ എഡിറ്ററായും യുറീക്കയുടെ മാനേജിങ് എഡിറ്ററായും പ്രവർത്തിച്ച അദ്ദേഹം ചെറുജല വൈദ്യുതിയുടെ സാധ്യതകൾ സംസ്ഥാന സർക്കാർ പരിഗണിക്കാൻ നിർദേശിച്ച പ്രധാന ശാസ്ത്രബോധശക്തിയായിരുന്നു.
ചൈനയിലും വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലുമായി ഊർജസൂത്രണ ഉപദേഷ്ടാവായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള എനർജി മാനേജ്‌മെന്റ് സെന്ററിന്റെയും സയൻസ് ആൻഡ് ടെക്നോളജി കൗൺസിലിന്റെയും നേതൃത്വം വഹിച്ച പ്രൊഫ. ദാമോദരൻ ഇരുപതിലധികം പുസ്തകങ്ങൾ രചിക്കുകയും നിരവധി പ്രധാന ഗവേഷണ പദ്ധതികൾക്ക് നേതൃത്വം നൽകുകയും ചെയ്തു.
അദ്ദേഹത്തിന് അനവധി അന്താരാഷ്ട്ര ബഹുമതികളും ലഭിച്ചിട്ടുണ്ട്. ശാസ്ത്ര സാഹിത്യപരിഷത്തും പുരോഗമന കലാ സാഹിത്യ സംഘവും ചേർന്ന് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ ആർ. ബാലറാം അധ്യക്ഷത വഹിച്ചു.
മണലിൽ മോഹനൻ, കെ.ടി. കുഞ്ഞിക്കണ്ണൻ, കെ.ടി. രാധാകൃഷ്ണൻ, ടി. രാജൻ, പി. ഹരീന്ദ്രനാഥ്, പി. രാജൻ, കെ. വിജയൻ, ഇ.കെ. ഷെരീഫ്, എ. വിജയൻ എന്നിവർ സംസാരിച്ചു. എം.സി. സജീവൻ സ്വാഗതം പറഞ്ഞപ്പോൾ ടി.ടി. വത്സൻ നന്ദി രേഖപ്പെടുത്തി.
Kerala Sastra Sahitya Parishad, Prof. V. K. Damodaran



































