വടകര:[vatakara.truevisionnews.com]സംസ്ഥാന സർക്കാർ വകയിരുത്തിയ 6.9 കോടി രൂപയുടെ മണിയൂർ ഗവ. ഐടിഐ കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമായി.
15 വർഷക്കാലമായി വാടക കെട്ടിടത്തിലാണ് മണിയൂർ ഐടിഐ പ്രവർത്തിക്കുന്നത്. 124 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്ഥാപനം അസൗകര്യം കൊണ്ട് വീർപ്പുമുട്ടിയിരുന്നു. വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടലിന്റെ ഭാഗമായാണ് ഐടിഐ കെട്ടിടം യാഥാർത്ഥ്യമാകുന്നത്.
നിലവിൽ ഇലക്ട്രിക്കൽ, സിവിൽ ഡ്രാഫ്റ്റ്സ്മാൻ വെൽഡർ കോഴ്സുകൾ ആണ് ഈ സ്ഥാപനത്തിൽ നിന്നും പഠിപ്പിക്കുന്നത്.
നൂതന രീതിയിൽ ഡിസൈൻ ചെയ്തിട്ടുള്ള ഈ കെട്ടിടത്തിൽ ഇലെക്ട്രിഫിക്കേഷൻ പ്രവർത്തികൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
വർക്ക്ഷോപ്പ്, കമ്പ്യൂട്ടർ ലാബ്, ടോയ്ലറ്റ് ബ്ലോക്ക് , സ്റ്റാഫ് റൂം, ക്ലാസ്സ് റൂം, സ്റ്റോർ റൂം, തുടങ്ങിയ സൗകര്യങ്ങളോടുകൂടി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏറെ പ്രയോജനകരമാകുന്ന രീതിയിലാണ് കെട്ടിടം രൂപകൽപ്പന ചെയ്തിട്ടുള്ളത്.
പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിലാണ് പ്രവർത്തിയുടെ നിർവഹണ ചുമതല. ഓരോ മാസവും നിയോജകമണ്ഡല അടിസ്ഥാനത്തിൽ പ്രവൃത്തിയുടെ പുരോഗതി സംബന്ധിച്ചുള്ള അവലോകനയോഗങ്ങൾ ചേർന്നിരുന്നതായും കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.
Maniyoor Govt. ITI building ready for inauguration









































