ഒഞ്ചിയം:[vatakara.truevisionnews.com] ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം ജില്ലയിലെങ്ങും വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ പാർട്ടി പ്രവർത്തകർ വിവിധ ബ്രാഞ്ച് കേന്ദ്രങ്ങളിൽ പതാക ഉയർത്തി. പാർട്ടി ഓഫീസുകൾ അലങ്കരിച്ചും പതാക ഉയർത്തിയും പ്രഭാത ഭേരി നടത്തിയുമാണ് പലയിടങ്ങളിലും ദിനാഘോഷം സംഘടിപ്പിച്ചത്. രണധീരരുടെ വീര സ്മരണകൾ ഇരമ്പുന്ന ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് പതാക ഉയർത്തി.
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം പോരാട്ടങ്ങളുടെ കൂടി ചരിത്രമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ സാമൂഹിക മുന്നേറ്റത്തിന് തുടക്കം കുറിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. എണ്ണമറ്റ പോരാട്ടങ്ങളിലൂടെ ജനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും അവരെ അവകാശബോധമുള്ളവരാക്കി വളർത്തുന്നതിനും കമ്മ്യൂണിസ്റ്റ് പാർട്ടി വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്.
കഴിഞ്ഞ ഒരു നൂറ്റാണ്ടായി രാജ്യത്തെ ജനങ്ങൾക്കൊപ്പം കമ്മ്യൂണിസ്റ്റ് പാർട്ടിയുണ്ട്. വർഗ്ഗീയ ഫാസിസ്റ്റ് ഭരണകൂടം രാജ്യത്തിൻ്റെ മതേതരത്വവും ജനാധിപത്യവും അട്ടിമറിക്കുന്ന വർത്തമാന കാലഘട്ടത്തിലും കമ്മ്യൂണിസ്റ്റ് പാർട്ടി പോരാട്ടത്തിൻ്റെ വഴികളിലാണ്. നമ്മുടെ രാജ്യത്തിൻ്റെ ഭരണഘടനയെപ്പോലും മാറ്റിയെഴുതി രാജ്യത്തെ മനുസ്മൃതിയിലധിഷ്ഠിതമായ ഒരു ഫാസിസ്റ്റ് ഭരണക്രമത്തിലേക്ക് തിരികെ നടത്താനുള്ള നരേന്ദ്ര മോഡി സർക്കാരിൻ്റെ നീക്കത്തിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇടതുപക്ഷവുമെല്ലാം ശക്തമായ പ്രക്ഷോഭത്തിലാണ്.
ഒഞ്ചിയം രക്തസാക്ഷികളെപ്പോലെയുള്ള ധീര രക്തസാക്ഷികളുടെ ചോരയിൽ പടുത്തുയർത്തിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അതിൻ്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോഴും പോരാട്ടത്തിൻ്റെ പാതയിൽ തന്നെയാണ്. നമ്മുടെ സ്വതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിന് രക്തസാക്ഷികളുടെ സ്മരണ നമുക്ക് ഊർജ്ജം പകരും.
ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നേറുന്ന കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ യഥാർത്ഥ ദേശീയ ബദൽ എന്താണെന്ന് രാജ്യത്തിന് കാട്ടിക്കൊടുക്കുകയാണ്. കേന്ദ്ര സർക്കാരിൻ്റെ കടുത്ത അവഗണനയും പദ്ധതി വിഹിതം വെട്ടിക്കുറച്ചു കൊണ്ടുള്ള വിവേചനവുമെല്ലാം സധൈര്യം നേരിട്ടു കൊണ്ടാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്.
ഇടതുപക്ഷ സർക്കാരിൻ്റെ തുടർച്ച സാധ്യമാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് ഓരോരുത്തരും രംഗത്തിറങ്ങേണ്ട കാലഘട്ടമാണിതെന്നും പി ഗവാസ് കൂട്ടിച്ചേർത്തു.
ചടങ്ങിൽ മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് കോയിറ്റോടി ഗംഗാധരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ആർ സത്യൻ, അജയ് ആവള , മണ്ഡലം സെക്രട്ടറി എൻ എം ബിജു എന്നിവർ സംസാരിച്ചു. സിപിഐ മണ്ഡലം കമ്മിറ്റി അംഗം കെ ജയപ്രകാശൻ സ്വാഗതം പറഞ്ഞു.
The history of the Communist Party of India is a history of struggles; Adv. P Gavas









































