പയ്യോളി:[vatakara.truevisionnews.com] സർഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലെ അന്താരാഷ്ട്ര കരകൗശലമേളയുടെ പതിമൂന്നാമത് എഡിഷൻ ടൂറിസം-പൊതുമരാമത്തു മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ഉദ്‌ഘാടനം ചെയ്തു.
ആഭ്യന്തരസഞ്ചാരികളുടെ കാര്യത്തിൽ ഓരോ വർഷവും കേരളം റെക്കോർഡ് ഇടുകയാണെന്ന് മന്ത്രി പറഞ്ഞു.
ഏറ്റവും അവസാനത്തെ കണക്കനുസരിച്ച് അഞ്ചു വർഷം മുമ്പു വന്ന ആഭ്യന്തരസഞ്ചാരികളേക്കാൾ 36 ശതമാനത്തിലധികം ആഭ്യന്തരടൂറിസ്റ്റുകൾ കേരളത്തിലെ ടൂറിസംകേന്ദ്രങ്ങളിൽ എത്തിയിട്ടുണ്ട്.
കോവിഡിനു മുമ്പുള്ള കാലത്തേക്കാളും നാം ഏറെ മുന്നോട്ടു പോയതായും അതാണ് ഈ രംഗത്തു നാം കൈവരിച്ച മാറ്റമെന്നും അദ്ദേഹം പറഞ്ഞു.
നബാർഡ് കേരള ചീഫ് ജനറൽ മാനേജർ നാഗേഷ് കുമാർ അനുമല 'നബാർഡ് ക്രാഫ്റ്റ്സ് സോൺ' ഉദ്ഘാടനം ചെയ്തു.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കരകൗശലമേളയായി സർഗാലയ മേള മാറിക്കഴിഞ്ഞതായി മന്ത്രി പറഞ്ഞു. നമ്മുടെ സമ്പന്നമായ കലാനുഭവങ്ങളുടെ നേർക്കാഴ്ചയായ ഈ മേള അതുകൊണ്ടുതന്നെ ഒരു ടൂറിസം വേദികൂടിയാണ്.
വിദേശസഞ്ചാരികളെ ഉൾപ്പെടെ കേരളത്തിലേക്ക് ആകർഷിക്കാനും അവർക്ക് ഈ വൈദഗ്ധ്യം പകർന്നുനൽകാനും കഴിയുന്ന വേദിയായും ഇതു മാറുകയാണ്. ക്രാഫ്റ്റ് വില്ലേജിന്റെയും കോഴിക്കോടിന്റെയും ഡെസ്റ്റിനേഷൻ ബ്രാൻഡിംഗിനുകൂടി ഇത്തരം മേളകൾ സഹായകരമാകും. വിവിധ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും നിന്ന് ഇരുന്നൂറിലധികം കലാകാരന്മാർ വൈവിധ്യമാർന്ന കരകൗശലോത്പന്നങ്ങളുമായി മേളയിൽ പങ്കെടുക്കുന്നുണ്ട്.
പരമ്പരാഗത കഴിവുകളും പൈതൃകവും സംരക്ഷിക്കുകയും പരിശീലനത്തിലൂടെയും വിൽപ്പനയിലൂടെയും അവയെ സജീവമായി നിലനിർത്തുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഇത്തരം മേളകൾ മുന്നോട്ടുവെക്കുന്നത്. അതോടൊപ്പം കരകൗശലകലാകാരന്മാർക്കു വരുമാനം തൊഴിലവസരം എന്നിവ ഉറപ്പാക്കുകയും പ്രാദേശിക ജനതയെ ടൂറിസത്തിലേക്ക് ആകർഷിക്കുകയും ചെയ്യാൻ ഇതു സഹായകരമാകും.
ആപത്തായി വളരുന്ന മയക്കുമരുന്നുകൾക്കു പകരം സന്തോഷവും വിനോദവും പകരാൻ കലകൾക്കു കഴിയുമെന്നും ഇത്തരം മേളകൾക്കു യുവാക്കളെ ആകർഷിക്കാൻ കഴിയുമെന്നും അധ്യക്ഷനായ ഷാഫി പറമ്പിൽ എംപി പറഞ്ഞു.
പയ്യോളി മുനിസിപ്പൽ കൗൺസിലർ പി.കെ.സാബിറ, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ഡി.ഗിരീഷ് കുമാർ, നബാർഡ് കോഴിക്കോട് ഡെവലപ്മെന്റ് മാനേജർ വി.രാകേഷ്, നിഫ്റ്റ് കണ്ണൂർ ഡയറക്ടർ അഖിൽ കുമാർ കുൽശ്രേഷ്ട, ഐസിസിഎൻ ജനറൽ സെക്രട്ടറി ഡോ. വി.ജയരാജൻ, മലബാർ ടൂറിസം കൗൺസിൽ വൈസ് പ്രസിഡന്റ് ആരിഫ് അത്തിക്കോട്, കെ.ടി.വിനോദൻ, കെ. ശശിധരൻ, ബഷീർ മേലടി, സി.പി.രവീന്ദ്രൻ, രാജൻ കൊളാവിപ്പാലം, യു.ടി.കരീം, എ.വി.ബാലകൃഷ്ണൻ, കെ. കെ.കണ്ണൻ എന്നിവർ ആശംസകൾ നേർന്നു. ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി സ്വാഗതവും സർഗാലയ സീനിയർ ജനറൽ മാനേജർ ടി.കെ. രാജേഷ് നന്ദിയും പറഞ്ഞു.
Sargalaya Mela has become the biggest handicraft fair in South India - PA Muhammad Riyaz




































