വടകര:(https://vatakara.truevisionnews.com/) ഓർക്കാട്ടേരിയിൽ ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ഹോട്ടലിനെതിരെ നടപടിയെടുത്തു. ഗണപതി ഹോട്ടലിനെതിരെയാണ് അധികൃതർ കർശന നടപടി സ്വീകരിച്ചത്.
ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പൂർണ്ണമായി നടപ്പിലാക്കുന്നത് വരെ ഹോട്ടലിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ അധികൃതർ ഉത്തരവിട്ടു. ഓർക്കാട്ടേരി സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ സുരേന്ദ്രൻ കല്ലേരി, ഹെൽത്ത് ഇൻസ്പെക്ടർ സി. രാജീവൻ എന്നിവരുടെ പരിശോധനയിൽ പങ്കെടുത്തിരുന്നു.
വൃത്തിഹീനമായ സാഹചര്യത്തിന് പുറമെ, പൊതുജനങ്ങൾക്ക് നൽകുന്ന കുടിവെള്ളം ജലജന്യ രോഗങ്ങൾക്ക് കാരണമാകുന്ന വിധം അനാരോഗ്യകരമായാണ് സൂക്ഷിച്ചിരുന്നത്. കൂടാതെ, ഹോട്ടലിലെ മലിനജലം പൊതു ഓടയിലേക്ക് നേരിട്ട് ഒഴുക്കിവിടുന്നതായും അധികൃതർ കണ്ടെത്തി.
ഹോട്ടൽ വൃത്തിഹീനമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന വിവരത്തെത്തുടർന്ന് ഫുഡ് സേഫ്റ്റി ഓഫീസർ ഒ.ബി. അമയയുടെ നേതൃത്വത്തിലും അവിടെ പരിശോധന നടത്തി. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ഭക്ഷണസാധനങ്ങൾ സംഭരിക്കുന്നവർക്കും വിതരണം ചെയ്യുന്നവർക്കുമെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ഓർക്കാട്ടേരി ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ ഡോക്ടർ എൻ. ഉഷ മുന്നറിയിപ്പ് നൽകി.
Authorities take action against hotel for operating in unsanitary conditions

































