#Latest news #Vadakara #Hospital #Kerala #Health #K Muraleedharan #Vadakara District Hospital
വടകര: (https://vatakara.truevisionnews.com/) പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വിയോഗത്തിൽ തളർന്നുനിൽക്കുന്ന ബന്ധുക്കളും നാട്ടുകാരും വടകര ജില്ലാ ആശുപത്രിയുടെ മോർച്ചറിക്ക് മുന്നിൽ വിതുമ്പലോടെ കാത്തുനിൽകേണ്ടി വരുന്ന അവസ്ഥ .
ഒരു നോക്ക് കാണാനും, ആചാരങ്ങളോടെ യാത്രയാക്കാനും അവർക്ക് ഇനിയും മണിക്കൂറുകൾ കാത്തിരികേണ്ടി വരുന്നു. കാരണം, പോസ്റ്റ്മോർട്ടം നടത്താൻ വടകരയിൽ ഫോറൻസിക് സർജനില്ല.മൃതദേഹവുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകണം. ആംബുലൻസിന്റെ വാടക നൽകാൻ പോലും കഷ്ടപ്പെടുന്ന സാധാരണക്കാരൻ, പ്രിയപ്പെട്ടവന്റെ ജീവനറ്റ ശരീരവുമായി കിലോമീറ്ററുകൾ താണ്ടേണ്ടി വരുന്ന ഇരട്ടി ദുരന്തത്തിന്റെ കാഴ്ചയാണ് വടകരയിൽ എന്നും കണ്ടിരുന്നത്.
മറ്റൊരു വശത്ത്, ജീവൻ നിലനിർത്താൻ ഡയാലിസിസ് മെഷീനിലേക്ക് നോക്കി കിടക്കുന്ന രോഗികൾ. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും വിദഗ്ധനായൊരു നെഫ്രോളജിസ്റ്റിനെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് അവർ ആഗ്രഹിക്കുന്നു. എന്നാൽ, കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും ദൂരെയുള്ള മെഡിക്കൽ കോളേജുകളിലേക്ക് യാത്ര ചെയ്യാൻ അവർ നിർബന്ധിതരാകുന്നു.
വടകരയുടെയും സമീപപ്രദേശങ്ങളിലെയും സാധാരണക്കാരായ ആയിരക്കണക്കിന് രോഗികളുടെ ഈ സങ്കടങ്ങൾക്കും ദുരിതങ്ങൾക്കുമാണ് ഇനി ശാശ്വത പരിഹാരമാകുന്നത്.
ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ നേരിട്ട് വിലയിരുത്താൻ മന്ത്രി കെ. മുരളീധരൻ നടത്തിയ സന്ദർശനം വടകരക്കാരുടെ വർഷങ്ങളായുള്ള വലിയൊരു കൂട്ടം ആവശ്യങ്ങൾക്കാണ് നടപ്പാക്കുമെന ഉറപ്പ് നൽകിയിരിക്കുന്നത്. അടിയന്തരമായി നടപ്പിലാക്കേണ്ട പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരം പ്രഖ്യാപിച്ചുകൊണ്ട് വടകരയുടെ ആരോഗ്യമേഖലയ്ക്ക് വലിയൊരു ഉണർവാണ് മന്ത്രിയുടെ സന്ദർശനത്തിൽ ഉണ്ടായത്.
ഇനി ഫോറൻസിക് സർജനായി കോഴിക്കോട്ടേക്ക് ഓടേണ്ട
ആശുപത്രി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നിനാണ് ഇപ്പോൾ ശാശ്വത പരിഹാരമാകുന്നത്. പോസ്റ്റ്മോർട്ടവുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്ന സാഹചര്യമാണ് ഉള്ളത്. ദുരന്തമുഖങ്ങളിൽ പോലും ബന്ധുക്കൾക്ക് ഇരട്ടി ദുരിതം സമ്മാനിക്കുന്ന ഈ അവസ്ഥ.ഉടൻ തന്നെ വടകര ജില്ലാ ആശുപത്രിയിൽ ഒരു സ്ഥിരം ഫോറൻസിക് സർജനെ നിയമിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഇതോടെ വടകരയിൽ തന്നെ പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും.
ഡയാലിസിസ് രോഗികൾക്ക് ആശ്വാസമായി നെഫ്രോളജിസ്റ്റ്
കിഡ്നി രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന വടകരയിലെയും പരിസരങ്ങളിലെയും ഡയാലിസിസ് രോഗികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് മന്ത്രിയുടെ അടുത്ത പ്രഖ്യാപനം. ആഴ്ചയിൽ രണ്ട് ദിവസം പ്രത്യേക നെഫ്രോളജിസ്റ്റിന്റെ സേവനം ഇനിമുതൽ ജില്ലാ ആശുപത്രിയിൽ ലഭ്യമാക്കും. വിദഗ്ധ ചികിത്സയ്ക്കായി ദൂരയാത്രകൾ ചെയ്യേണ്ടി വരുന്ന സാധാരണക്കാരായ രോഗികൾക്ക് ഈ തീരുമാനം വലിയ തണലാകും.
പുതിയ കെട്ടിടവും ഭരണപരമായ മാറ്റങ്ങളും
ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഒരു ആഴ്ചയ്ക്കകം പുതിയ സൂപ്രണ്ടിനെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. ഒപ്പം, ആശുപത്രിയുടെ സ്ഥലപരിമിതിക്ക് പരിഹാരമായി വിഭാവനം ചെയ്ത പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തികൾ ഈ മാസം 20-ന് തന്നെ ആരംഭിക്കും. കൃത്യമായ പ്ലാനിങ്ങോടെ രണ്ട് വർഷത്തിനകം നിർമാണം പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
മാറുന്ന സ്റ്റാഫ് പാറ്റേൺ, മെച്ചപ്പെട്ട ചികിത്സ
പുതിയ കെട്ടിടവും അടിസ്ഥാന സൗകര്യ വികസനവും പൂർത്തിയാകുന്നതോടെ ആശുപത്രിയിലെ സ്റ്റാഫ് പാറ്റേൺ വർധിപ്പിക്കുന്ന കാര്യവും സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി കൂട്ടിചേർത്തു. ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും എണ്ണം വർധിക്കുന്നതോടെ കൂടുതൽ മികച്ച സേവനം ജനങ്ങൾക്ക് നൽകാനാകും.
പ്രാദേശികമായുള്ള ഈ സങ്കടക്കാഴ്ചകൾക്കും കാത്തിരിപ്പുകൾക്കും അറുതിവരുത്തിക്കൊണ്ട്, പ്രഖ്യാപനങ്ങൾ കൃത്യസമയത്ത് യാഥാർത്ഥ്യമാകുന്നതോടെ ഉത്തര മലബാറിലെ തന്നെ ഏറ്റവും മികച്ച സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലൊന്നായി വടകര ജില്ലാ ആശുപത്രി മാറുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
Content Highlight: Vadakara District Hospital Gets Forensic Surgeon, Nephrologist and New Building: Minister K Muraleedharan
#Latest news #Vadakara #Hospital #Kerala #Health #K Muraleedharan #Vadakara District Hospital













































