#Latest news #Vadakara #BusStop #Kerala #Railway
വടകര: (vatakara.truevisionnews.com) ചോറോട് റെയിൽവേ മേൽപ്പാലത്തിനു സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രം അപകടാവസ്ഥയിൽ. വടകരയിൽ നിന്ന് കൈനാട്ടി ഭാഗത്തേക്ക് പോകുന്ന ബസുകൾ നിർത്തുന്ന പ്രധാന സ്റ്റോപ്പാണിത്. എന്നാൽ കാത്തിരിപ്പു കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ യാത്രക്കാർക്ക് ഭീഷണിയാകുന്നു.
കാത്തിരിപ്പു കേന്ദ്രത്തിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ പൂർണമായും ദ്രവിച്ച നിലയിലാണ്. തൂണുകൾ ഏതോ വാഹനത്തിന്റെ ഇടിയിൽപ്പെട്ട് ചെരിഞ്ഞു നിൽക്കുന്നതായും കാണാം. ഇത് സംഭവിച്ചിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല.
കാത്തിരിപ്പു കേന്ദ്രത്തിന്റെ മുകൾവശം മുഴുവൻ കാടു മൂടിക്കിടക്കുകയാണ്. ശക്തമായ മഴ പെയ്യുമ്പോൾ നിരവധി പേർ ഈ ബസ് സ്റ്റോപ്പിൽ കയറി നിൽക്കാറുണ്ട്. എന്നാൽ ഏത് സമയത്തും മേൽക്കൂരയും തൂണുകളും തകർന്നു വീഴാനുള്ള സാധ്യതയുണ്ട്.
ഇത് വലിയ അപകടത്തിലേക്ക് നയിച്ചേക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.ദേശീയപാത നവീകരണ പ്രവൃത്തി ആരംഭിച്ചതിനു ശേഷം വടകര മേഖലയിൽ അവശേഷിക്കുന്ന ഏക ബസ് കാത്തിരിപ്പു കേന്ദ്രം കൂടിയാണ് ഇത്. ഉടൻ തന്നെ അധികൃതർ ഇടപെട്ട് കാത്തിരിപ്പു കേന്ദ്രം പൊളിച്ചു മാറ്റുകയോ നന്നാക്കുകയോ ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Content Highlight: Vadakara Chorode Bus Shelter in Dilapidated Condition, Passengers at Risk












































