വടകര: (vatakara.truevisionnews.com) റോഡുകളുടെ ശോചനീയാവസ്ഥയും വടകര നഗരത്തിലെ ഗതാഗതകുരുക്കും പരിഹരിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളി സംയുക്ത സമരസമിതി പ്രഖ്യാപിച്ച സൂചന സമരം യാത്രക്കാരെ വലച്ചു.
കനത്ത മഴയ്ക്കിടയിലെ പണിമുടക്ക് യാത്ര ദുസ്സഹമാക്കി. പണിമുടക്ക് കണക്കിലെടുത്ത് കെ എസ് ആർ ടി സി അധിക സർവീസുകൾ നടത്തുന്നുണ്ട്. ഓട്ടോ, ടാക്സി, ജീപ്പ് എന്നിവ സമാന്തര സർവീസ് നടത്തുന്നണ്ടെങ്കിലും ദീർഘ ദൂര യാത്രക്കാർക്കും ഉൾനാടുകളിലേക്കുള്ള യാത്രക്കർക്കുമെല്ലാം യാത്ര പ്രയാസമുണ്ടാക്കുന്നുണ്ട്.


രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് പണിമുടക്ക്. ദേശീയ പാത വഴി കടന്ന് പോകുന്ന ദീർഘദൂര ബസുകൾ മൂരാടും അഴിയൂരിലും സർവീസ് അവസാനിപ്പിക്കും. തലശ്ശേരിയിൽ നിന്ന് നാദാപുരം വഴി സർവീസ് നടത്തുന്ന ബസുകൾ പെരിങ്ങത്തുരിൽ സർവ്വീസ് അവസാനിപ്പിക്കും.
അതിനിടെ, വടകര കൊയിലാണ്ടി റൂട്ടിൽ സർവീസ് നടത്തിയ ബസ് സമര അനുകൂലികൾ തടയുന്ന സാഹചര്യവുമുണ്ടായി. ഡ്രൈവർക്ക് മർദ്ദനമെറ്റെന്നാണ് പരാതി.വടകര പുതിയ ബസ് സ്റ്റാൻഡിൽ വച്ചാണ് ബസ് തടഞ്ഞ് മർദിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇവർ വടകര പോലീസിൽ പരാതി നൽകി. പ്രശന സാധ്യത കണക്കിലെടുത്ത് പോലീസ് സന്നാഹം വടകര പുതിയ ബസ് സ്റ്റാൻഡിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
Private bus strike in Vadakara causing hardship to passengers despite heavy rain