അഴിയൂർ : അഴിയൂർ ഗ്രാമപഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷം. ഇത് പൊതുജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. വിദ്യാർഥികളടക്കമുള്ള യാത്രക്കാർ പേടിയോടെയാണ് പുറത്തിറങ്ങുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ തെരുവുനായകൾ ആക്രമിച്ചത് 16 പേരെയാണ്.
ആളില്ലാത്ത വീടുകൾ, ജനങ്ങൾ കൂടുതലായി ഇറങ്ങുന്ന ബസ് സ്റ്റോപ്പുകൾ, ഹെൽത്ത് സെന്ററുകൾ, റെയിൽവേ സ്റ്റേഷൻ, ഇടവഴികൾ തുടങ്ങി ഒട്ടുമിക്ക സ്ഥാപനങ്ങളുടെ പരിസരങ്ങളിലും ജനവാസമേഖലകളിലും നായകളുടെ ശല്യമുണ്ട്.


കഴിഞ്ഞദിവസം അഴിയൂർ സ്കൂൾസ്റ്റോപ്പിൽ ബസ്സിറങ്ങിപോകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പിന്നാലെ ഓടി അവരെ ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. ഒരാഴ്ചമുൻപ് മുക്കാളി കാർത്തോളിമുക്കിൽ കുട്ടികൾ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. മുക്കാളിയിൽ റെയിൽവേ പ്ലാറ്റ്‌ഫോമിലും മഹാത്മ പബ്ലിക് ലൈബ്രറിയുടെ വഴികളിലും പഴയ ദേശീയപാത ഓരങ്ങളിലും നായകളുടെ ശല്യം ഏറിവരുകയാണ്.
അഴിയൂർ ചുങ്കത്തുനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡിൽ ഒരു ഡസനോളം തെരുവുനായകളുടെ കൂട്ടം സ്ഥിരമാണ്. തെരുവുനായകളുടെ ആക്രമണത്തിന് ഉടൻ പരിഹാരം കാണാൻ പഞ്ചായത്ത് അധികാരികളും സർക്കാരും ഉടനെ ഇടപെടണമെന്ന് അഴിയൂർ കൂട്ടം സൗഹൃദക്കൂട്ടായ്മ ആവശ്യപ്പെട്ടു.
Stray dog harassment is rampant in Azhiyur