ചോറോട് :(vatakara.truevisionnews.com) മുട്ടുങ്ങൽ പള്ളിത്താഴ തീരദേശത്ത് കടൽ ഭിത്തി നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ചോറോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരജാഥ നടത്തി. സമരജാഥ വടകര നിയോജകമണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല ഉദ്ഘാടനം ചെയ്തു . രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ വിപുലപ്പെടുത്തുന്ന മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാത്ത അധികാരികളുടെ നിലപാട് ദൗർഭാഗ്യകരമാണെന്ന് എസ്ഡിപിഐ ഷംസീർ ചോമ്പാല പറഞ്ഞു.
കടലാക്രമണം രൂക്ഷമാകുമ്പോൾ മത്സ്യത്തൊഴിലാളികളുടെ കുടിലുകളും ആവാസ മേഖലയും തകരുമ്പോൾ വാർത്താ മാധ്യമങ്ങൾക്ക് മുന്നിൽ മുഖം മിനുക്കുകയാണ് അധികാരികൾ ചെയ്യുന്നതെന്ന് ഷംസീർ ചോമ്പാല ആരോപിച്ചു. തീരദേശവാസികളെ വോട്ട് കുത്തിയന്ത്രങ്ങളാക്കി വഞ്ചിക്കുന്ന പരമ്പരാഗത രാഷ്ട്രീയപാർട്ടികളെ ജനം തിരിച്ചറിയണം. മുട്ടുങ്ങൾ പള്ളിത്താഴ ഭാഗങ്ങളിൽ കടൽഭിത്തി നിർമ്മിച്ചില്ലെങ്കിൽ അതിശക്തമായ സമരപോരാട്ടത്തിന് എസ്ഡിപിഐ നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



എസ്ഡിപിഐ ചോറോട് പഞ്ചായത്ത് സെക്രട്ടറി റാഷിദ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജോയിന്റ് സെക്രട്ടറി ബഷീർ കെ.കെ ആശംസ അർപ്പിച്ച് സംസാരിച്ചു. പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി സലാം, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ആസിഫ് ചോറോട്, സിദ്ദീഖ് പള്ളിത്താഴ, ഫിറോസ് പള്ളിത്താഴ എന്നിവർ സമരജാഥക്ക് നേതൃത്വം നൽകി.
SDPI protest march held demanding construction of sea wall in Chorode Muttungal Pallithazha coastal area