വടകര: (vatakara.truevisionnews.com) വടകര എടോടിയിലെ മൂന്ന് കടകളിൽ നിന്നും പണവും മൊബൈൽ ഫോണുകളും കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. മലപ്പുറം സ്വദേശി പള്ളിക്കൽ ബസാർ പ്രണവിനെ (33) യാണ് വടകര പൊലീസ് അറസ്റ്റു ചെയ്‌തത്. മാഹിയിൽ നിന്നാണ് ഇയാൾ പൊലീസ് പിടിയിലായത്. സെപ്റ്റംബർ ഒന്നിന് പുലർച്ചെയായിരുന്നു കേസിന് ആസ്പദമായ സംഭവം. ചിപ്പ് എൻ ടെക് മൊബൈൽ ഷോപ്പ്, ന്യൂയോർക്ക് റെഡിമെയ്‌ഡ് ഷോപ്പ്, ഫ്രണ്ട്സ് ബുക്ക് സ്റ്റാൾ എന്നീ കടകളിലാണ് മോഷണം നടന്നത്.
സി.സി.ടി.വിയുടെ കണക്ഷൻ വിച്ഛേദിച്ചശേഷമായിരുന്നു പ്രതിയുടെ മോഷണം. മൊബൈൽ ഷോപ്പിൽ നിന്നും രണ്ടുലക്ഷംരൂപയോളം വില വരുന്ന ആറ് മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടിരുന്നു. അതുകൂടാതെ കടയിലെ മേശയിൽ സൂക്ഷിച്ചിരുന്ന അയ്യാരത്തിലേറെ രൂപയും റെഡ്‌മെയ്‌ഡ് ഷോപ്പിലെ 1700രൂപയും നഷ്ടമായിരുന്നു. ബുക്ക്സ്റ്റാളിൽ നിന്നും 1500രൂപയാണ് നഷ്ടമായത്.




കെട്ടിടത്തിന്റെ മുകൾഭാഗത്തെ ഓട് പൊളിച്ചാണ് പ്രതി അകത്തുകടന്നത്. സി.സി.ടി.വി വിച്ഛേദിക്കുന്നതിന് മുമ്പുള്ള പ്രതിയുടെ ദൃശ്യങ്ങൾ പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് മോഷ്ടാവിനെ കണ്ടെത്തിയത്. ഇയാൾ നേരത്തെയും നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. വടകര പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ മോഷണം നടന്ന കടകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. വടകര സി.ഐ മുരളീധരൻ്റെ നിർദേശപ്രകാരം എസ്.ഐ കെ.രഞ്ജിത്ത്, എ.എസ്.ഐ ഗണേശൻ, സി.പി.ഒ സജീവൻ, ഡ്രൈവർ സി.പി.ഒ രാഹുൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Suspect arrested for stealing money and mobile phones from shops in edodi Vadakara