വടകര: (vatakara.truevisionnews.com) സ്വകാര്യ ബസുകളുടെ അമിതവേഗത കാരണം ജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങൾ തുടരുന്ന സാഹചര്യത്തിൽ, നടപടികൾ കർശനമാക്കാൻ വടകര പൊലീസ് തീരുമാനിച്ചു. വടകര സി.ഐ കെ. മുരളീധരൻ, എസ്.ഐ രഞ്ജിത്ത് എന്നിവർ യൂത്ത് കോൺഗ്രസ് നേതാക്കളായ വടകര നിയോജക മണ്ഡലം പ്രസിഡന്റ് സി. നിജിൻ, കുറ്റ്യാടി നിയോജക മണ്ഡലം പ്രസിഡന്റ് ബബിൻ ലാൽ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് കർശന നടപടികൾക്ക് ഉറപ്പ് നൽകിയത്.
യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ട പ്രകാരം, ബസ് ഡ്രൈവർമാരുടെ ലഹരി ഉപയോഗം കണ്ടെത്താൻ പരിശോധനകൾ നടത്തും. അപകടം വരുത്തിയ 'ഹരേ റാം' ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാൻ വേണ്ട നടപടികൾ ഉടൻ സ്വീകരിക്കും. ബസുകളുടെ ഓട്ടം നിരീക്ഷിക്കുന്നതിനായി പൊലീസ് മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞ് പരിശോധന ശക്തമാക്കും. അപകടങ്ങൾ ഒഴിവാക്കാനും മത്സരയോട്ടം അവസാനിപ്പിക്കാനും നിർദേശങ്ങൾ നൽകുന്നതിനായി ബസ് ഉടമകളുടെ യോഗം വിളിക്കും. അപകടത്തിനിടയാക്കിയ 'ഹരേ റാം' ബസിന് ചാനിയംകടവ്, പേരാമ്പ്ര റൂട്ടിൽ സർവീസ് നടത്താൻ പെർമിറ്റില്ലെന്ന പരാതി പരിശോധിക്കുമെന്ന് പൊലീസ് ഉറപ്പുനൽകി.
Vadakara police to take strict action against overspeeding private buses