കണ്ണൂക്കര: (vatakara.truevisionnews.com) തൃശ്ശൂരിൽവോട്ട് കൊള്ള നടത്തി വിജയിച്ച സുരേഷ് ഗോപിക്കെതിരെ പ്രതിഷേധിക്കുക പോലും ചെയ്യാത്തവരാണ് വടകര എംപി ഷാഫി പറമ്പിലിനെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതെന്ന് എസ്ഡിപിഐ വടകര നിയോജകമണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല പറഞ്ഞു. വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക എന്ന സന്ദേശമുയർത്തി എസ്ഡിപിഐ ഒഞ്ചിയം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശ്ശൂരിൽ വോട്ട് കൊള്ള നടത്തിയതിന് കൃത്യമായ തെളിവുണ്ടായിട്ടും നിയമനടപടി സ്വീകരിക്കാൻ പോലും കേരള സർക്കാർ തയ്യാറായിട്ടില്ല എന്നത് സംഘ പരിവാര പോഷക ഘടകം പോലെ കേരളത്തിലെ ഭരണ കൂടം മാറി എന്നതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വടകര നിയോജക മണ്ഡലം കമ്മിറ്റി അംഗം സബാദ് അഴിയൂർ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് നവാസ് ഒഞ്ചിയത്തിന് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു.




മാടാക്കര ബീച്ചുമ്മ പള്ളി പരിസരത്തുനിന്ന് ആരംഭിച്ച പദയാത്ര മാടാക്കര സമ്മൂസ മുക്ക് വഴി വിവിധ സ്വീകരണ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചു വൈകിട്ട് കണ്ണൂക്കര ടൗണിൽ സമാപിച്ചു. ഒഞ്ചിയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഹീസ് എം കെ അധ്യക്ഷത വഹിച്ച സമാപന പൊതുയോഗത്തിൽ കുറ്റ്യാടി മണ്ഡലം പ്രസിഡണ്ട് നവാസ് കല്ലേരി മുഖ്യപ്രഭാഷണം നടത്തി. ഒഞ്ചിയം പഞ്ചായത്ത് സിക്രട്ടറി റഹീസ് പി കെ സ്വാഗതം പറഞ്ഞു. ഒഞ്ചിയം പഞ്ചായത്ത് ട്രഷറർ ഫായിസ് നാദാപുരം റോഡ് നന്ദി പറഞ്ഞു.
Those who did not organize any protest against Suresh Gopi, who won by stealing votes, are searching for and attacking Shafi Parambil - Shamsir Chombala