ആയഞ്ചേരി:(vatakara.truevisionnews.com) ആയഞ്ചേരി-കടമേരി റോഡിൽ കുനിയിൽ പള്ളിയുടെ മുൻവശം റോഡ് പൂർണ്ണമായും വെള്ളക്കെട്ടിലായത് കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഈ പ്രധാന പാതയിൽ നേരിയ മഴ പെയ്താൽ പോലും വെള്ളം കെട്ടിനിൽക്കുകയാണ്. റോഡിൽ ഓവുചാൽ ഇല്ലാത്തതും, അനുബന്ധ പാത ഉയർത്തി നിർമ്മിച്ചതുമാണ് ഈ വെള്ളക്കെട്ടിന് പ്രധാന കാരണം.
ഇതുവഴിയുള്ള യാത്ര ദുസ്സഹമായതോടെ സ്കൂൾ വിദ്യാർഥികളാണ് ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത്. സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രയിൽ കുട്ടികൾക്ക് ചെളി നിറഞ്ഞ വെള്ളത്തിലൂടെ പോകേണ്ട സ്ഥിതിയാണ്. കാൽനടയാത്രക്കാർക്ക് നടക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വെള്ളക്കെട്ടിൽ തെന്നിവീഴാനുള്ള സാധ്യതയും കൂടുതലാണ്.




കുറ്റ്യാടി എം.എൽ.എയുടെ ക്യാമ്പ് ഓഫീസിന് അടുത്തുള്ള ഈ ഗുരുതരമായ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് തെരുവിൻ താഴ ഉത്ര റെസിഡന്റ്‌സ് അസോസിയേഷൻ ഉൾപ്പെടെയുള്ളവർ മുമ്പ് അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, നാളുകളേറെയായിട്ടും പൊതുമരാമത്ത് വകുപ്പ് ഈ പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. എത്രകാലം ഈ ദുരിതം തുടരേണ്ടി വരുമെന്നാണ് പ്രദേശവാസികളും യാത്രക്കാരും ചോദിക്കുന്നത്. റോഡിലെ വെള്ളക്കെട്ടിന് അടിയന്തിരമായി ഒരു ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
Distressed road; Ayancheri-Kadameri road submerged in water, authorities fail to resolve complaint