വടകര: (vatakara.truevisionnews.com) ഭാവിയില്‍ നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആശയങ്ങള്‍ പങ്കുവെച്ച് വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. വില്യാപ്പള്ളി ടൗണില്‍ നടന്ന ചടങ്ങ് കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള അധ്യക്ഷയായി. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന മുഖ്യാതിഥിയായി.
സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന നേട്ടങ്ങളുടെ അവതരണം, വികസന രേഖ പ്രകാശനം, ഹരിത കര്‍മസേന അംഗങ്ങള്‍, കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍, അങ്കണവാടി ഹെല്‍പ്പര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവരെ ആദരിക്കല്‍, 'നാളത്തെ വില്യാപ്പള്ളി' എന്ന വിഷയത്തില്‍ ചര്‍ച്ച എന്നിവ നടന്നു. തൊഴില്‍മേള, വനിതാ കലാമേള, ഭക്ഷ്യമേള, തൊഴിലുറപ്പ് പദ്ധതിയില്‍ 100 ദിനം പൂര്‍ത്തിയാക്കിയവരെ ആദരിക്കല്‍ എന്നിവയും വികസന സദസ്സിനോടനുബന്ധിച്ച് നടന്നു.




പഞ്ചായത്ത് തലത്തില്‍ ബാങ്ക് രൂപീകരിക്കല്‍, പ്രവാസികളുടെ ഫണ്ട് മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തല്‍, ഓരോ വാര്‍ഡിലും കളിസ്ഥലം, സ്ത്രീ സൗഹൃദ ടോയ്‌ലറ്റ്, പഞ്ചായത്തില്‍ പഠിക്കാന്‍ താല്‍പര്യമുള്ള മുഴുവനാളുകളെയും ഡിഗ്രി യോഗ്യതയുള്ളവരാക്കല്‍, ഇംഗ്ലീഷ് വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ പദ്ധതി, വായന പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതി, വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം, ഗ്രാമപഞ്ചായത്ത് റോഡുകള്‍ വൃത്തിയായി സൂക്ഷിക്കല്‍, കാര്‍ഷിക മേഖലക്കായി മഴവെള്ള സംഭരണി ഉപയോഗപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ ആര്‍ ശ്രീലേഖ, റിസോഴ്‌സ് പേഴ്‌സണ്‍ പി ടി സുജിത്ത് എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പൂളക്കണ്ടി മുരളി, അസി. സെക്രട്ടറി ടി എച്ച് അനൂപന്‍, സ്ഥിരം സമിതി അധ്യക്ഷര്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഗ്രാമപഞ്ചായത്തിലെ 70 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍നിന്ന് മുക്തരാക്കാന്‍ സാധിച്ചതായി വികസന സദസ്സില്‍ അറിയിച്ചു. മൃഗസംരക്ഷണ മേഖലയില്‍ 1,65,39,415 രൂപയുടെ വികസനം സാധ്യമാക്കി. ശുദ്ധീകരിച്ച കുടിവെള്ളം എല്ലാ വീടുകളിലും എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനം, എഫ്.എച്ച്.സി, ലോകനാര്‍ക്കാവ് സബ് സെന്റര്‍, ലോകനാര്‍ക്കാവ് പകല്‍വീട്, ബഡ്‌സ് സ്‌കൂള്‍, നാല് അങ്കണവാടികള്‍ എന്നിവക്ക് പുതിയ കെട്ടിടം നിര്‍മിച്ചു. വിവിധ പദ്ധതികളിലൂടെ 198 പുതിയ റോഡുകള്‍ നിര്‍മിക്കുകയും 141 റോഡുകള്‍ നവീകരിക്കുകയും ചെയ്തു.
Future development; Vilayappally Grama Panchayat Development Forum shares innovative ideas