വടകര: (vatakara.truevisionnews.com) വിദ്യാഭ്യാസ രംഗത്ത് പുത്തൻ ചുവട് വെപ്പ് നാടിന് അഭിമാനമായി വില്ല്യാപ്പള്ളി ഗവ.ഐ.ടി.ഐ ഇനി ആധുനിക ബഹുനില മന്ദിരത്തിൽ. അത്യാധുനിക സൗകര്യങ്ങളോടെ വില്യാപ്പള്ളിയിൽ നിർമ്മാണം പൂർത്തിയാക്കിയ ഐ.ടി.ഐയുടെ പുതിയ കെട്ടിടം ഇന്ന് മന്ത്രി വി. ശിവൻകുട്ടി നാടിന് സമർപ്പിച്ചു. വില്യാപ്പള്ളി മംഗലോറ മലയിൽ വ്യാവസായിക എസ്റ്റേറ്റിനായി വിലയ്‌ക്കെടുത്ത 1.7 ഏക്കർ സ്ഥലത്താണ് 6.96 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമ്മിച്ചത്.
വർക്ക്‌ഷോപ്പ്, കമ്പ്യൂട്ടർ ലാബ്, ടോയ്‌ലറ്റ് ബ്ലോക്ക്, സ്റ്റാഫ് റൂം, ക്ലാസ് റൂം, സ്റ്റോർ റൂം എന്നിവ ഉൾപ്പെടുന്ന ഏറ്റവും പുതിയ രീതിയിലുള്ള സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തിലുള്ളത്. 2010-ൽ വില്യാപ്പള്ളി ടൗണിലെ വാടകക്കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച ഐ.ടി.ഐയുടെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയ്ക്കാണ് ഇതോടെ പരിഹാരമായത്. ശോചനീയമായ ക്ലാസ് മുറികളിലും അസൗകര്യങ്ങൾ നിറഞ്ഞ തൊഴിൽ പരിശീലനത്തിനും ഇതോടെ മാറ്റമുണ്ടാകും.




2023 ഏപ്രിലിലാണ് മന്ത്രി വി. ശിവൻകുട്ടി കെട്ടിടത്തിന്റെ കല്ലിടൽ നിർവ്വഹിച്ചത്. നിലവിൽ ഐ.ടി.ഐയിൽ മൂന്ന് ട്രേഡുകളിലായി സീനിയർ ട്രെയിനികൾ ഉൾപ്പെടെ 136 പേർക്ക് പരിശീലനം നൽകുന്നുണ്ട്. സ്ഥാപനത്തിൽ 14 സ്ഥിരം ജീവനക്കാരും രണ്ട് കരാർ ജീവനക്കാരുമുണ്ട്. ട്രെയിനികൾക്ക് പരിശീലന കാലയളവിൽ പോഷകാഹാര പദ്ധതി, അപകടങ്ങൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ് എന്നിവയും ഉറപ്പാക്കിയിട്ടുണ്ട്. നൈപുണ്യ കർമ്മസേനയും ഇവിടെ പ്രവർത്തിക്കുന്നു.
The pride of the country is Villiyapally Govt. ITI, now in a modern multi-storey building.