Oct 18, 2025 11:13 AM

വടകര: (vatakara.truevisionnews.com) പതിയാരക്കര മഞ്ചയിൽകടവിൽ 'മത്സ്യസഞ്ചാരി' പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച 'മഞ്ചയിൽ കടവ് അക്വാ ടൂറിസം പദ്ധതി' 19-ന് വൈകിട്ട് 6.30-ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മണിയൂർ ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും തൊഴിൽരഹിതരായ യുവാക്കളെ ഉൾപ്പെടുത്തിയാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്.

ഫിഷറീസ് വകുപ്പിന്റെ മത്സ്യസഞ്ചാരി പദ്ധതിയിൽ ഉൾപ്പെടുത്തി, മണിയൂർ പഞ്ചായത്തിന്റെ ഒരു ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ രണ്ട് ലക്ഷം രൂപയും ചെലവഴിച്ചാണ് മഞ്ചയിൽകടവിനെ സഞ്ചാരികൾക്കായി ഒരുക്കിയത്. കുട്ടികളുടെ പാർക്ക്, ഇളനീർ പാർലർ, വിശ്രമകേന്ദ്രം, 80 പേർക്ക് ഇരിക്കാവുന്ന ഹാൾ, റസ്റ്റോറന്റ്, മീൻ മ്യൂസിയം, പെഡൽ ബോട്ട്, സെൽഫി സ്പോട്ടുകൾ എന്നിവ ഇവിടെ പ്രധാന ആകർഷണങ്ങളാണ്. വിവാഹ നിശ്ചയം, സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട്, ജന്മദിനാഘോഷം, കുടുംബസംഗമങ്ങൾ ഉൾപ്പെടെയുള്ള പരിപാടികൾ നടത്താനുള്ള സൗകര്യവും രുചിയൂറും ഭക്ഷണവും ഇവിടെ ലഭ്യമാണ്. പ്രവേശന ഫീസ് 30 രൂപയാണ്.

കുറ്റ്യാടി പുഴയോരത്ത് സ്ഥിതി ചെയ്യുന്ന മണിയൂർ പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി ചെരണ്ടത്തൂർ ചിറയിൽ ഫാം ടൂറിസം പദ്ധതിയും ചൊവ്വാപ്പുഴയിൽ ഉത്തരവാദിത്വ ടൂറിസം പദ്ധതിയും നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്റഫ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നവോദയ വിദ്യാലയവും എഞ്ചിനിയറിംഗ് കോളേജും സ്ഥിതി ചെയ്യുന്ന മണിയൂരിലെ ടൂറിസത്തിന് അനന്ത സാധ്യതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉദ്ഘാടന ചടങ്ങിൽ കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ അധ്യക്ഷനാവും. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികളും സംസാരിക്കും.വാർത്താസമ്മേളനത്തിൽ വാർഡ് മെമ്പർ പി.പി.ഷൈജു, പ്രമോദ് മൂഴിക്കൽ, കെ.കെ.വിജേഷ്, കളരിയേൽ വിജയൻ എന്നിവർ പങ്കെടുത്തു

'Fish Tourist'; Manjailkadavu Aqua Tourism Project to start tomorrow

Next TV

Top Stories










News Roundup






//Truevisionall