അഴിയൂർ: (vatakara.truevisionnews.com) സംസ്ഥാന സർക്കാരിൻ്റെയും ഗ്രാമപഞ്ചായത്തിൻ്റെയും വികസന നേട്ടങ്ങളും ഭാവി കാഴ്ചപ്പാടുകളും പങ്കുവെച്ച് അഴിയൂർ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങ് കെ.പി.മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.ശ്രീധരൻ അധ്യക്ഷത വഹിച്ചു.
വികസന സദസ്സിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ, ഹരിത കർമസേന, കുടുംബശ്രീ, ആശാ വർക്കർമാർ എന്നിവരെ ആദരിച്ചു.




സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടങ്ങളുടെ അവതരണവും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ സന്ദേശവും ചടങ്ങിൽ പ്രദർശിപ്പിച്ചു. പഞ്ചായത്തിൻ്റെ വികസന നേട്ടങ്ങൾ സെക്രട്ടറി തൗസീഫ് വിശദീകരിച്ചു. തുടർന്ന് ഭാവി വികസനത്തിനായുള്ള ആശയങ്ങളും നിർദ്ദേശങ്ങളും സദസ്സിൽ ചർച്ച ചെയ്തു.
പ്രധാനമായും, കുഞ്ഞിപ്പള്ളി റെയിൽവേ അടിപ്പാത നിർമാണം, മുക്കാളിയിൽ ട്രെയിൻ സ്റ്റോപ്പ് പുനഃസ്ഥാപിക്കൽ, വയോജന പാർക്ക് ഒരുക്കൽ, കീരിത്തോട് നടപ്പാലം നിർമാണം, ശ്മശാനം പൂർത്തീകരണം, പഞ്ചായത്ത് കളിസ്ഥലം സംരക്ഷണം, മാലിന്യമുക്തമായ ചോമ്പാൽ ഹാർബർ, ലൈഫ് ഭവന പദ്ധതി വിസ്തീർണവും തുകയും വർദ്ധിപ്പിക്കൽ, പകൽവീട് നിർമാണം, കനാൽ നവീകരണം തുടങ്ങിയ നിർദ്ദേശങ്ങളാണ് വികസന ചർച്ചയിൽ ഉയർന്നുവന്നത്.
വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി പി നിഷ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രമ്യ കരോടി, ബ്ലോക്ക് പഞ്ചായത്ത് അംഗം എ പി ബിന്ദു, പഞ്ചായത്ത് അംഗം സാലിം പുനത്തിൽ, റിസോഴ്‌സ് പേഴ്‌സൺ എം.പി.ഷനിൽ കുമാർ, അസി. സെക്രട്ടറി ശ്രീകല, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
'Development Audience'; A development audience was organized in Azhiyur to share development achievements