മണിയൂര്‍: (vatakara.truevisionnews.com) ശാസ്ത്ര പരിജ്ഞാനം എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കുന്നതിന്റെ ഭാഗമായി മണിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മിച്ച കെട്ടിടത്തില്‍ ഒരുങ്ങുന്ന വാനനിരീക്ഷണ കേന്ദ്രത്തിന്റെ ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് (ഡി.പി.ആര്‍) സര്‍ക്കാര്‍ അനുമതിക്കായി സമര്‍പ്പിച്ചു. കേരള സ്റ്റേറ്റ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ് ഡി.പി.ആര്‍ തയാറാക്കിയത്.
മണിയൂര്‍ വാന നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് ധനകാര്യ വകുപ്പില്‍നിന്ന് 50 ലക്ഷം രൂപയുടെ അനുമതിയാണ് ലഭിച്ചത്. കമ്പ്യൂട്ടറൈസ്ഡ് ടെലിസ്‌കോപ്പ്, സോളാര്‍ ടെലിസ്‌കോപ്പ്, ആസ്‌ട്രോ ഫോട്ടോഗ്രഫി ഉപകരണങ്ങള്‍, സ്മാര്‍ട്ട് ക്ലാസ് റൂം, സണ്‍ ഡയല്‍ എക്‌സിബിറ്റ് ടെലിസ്‌കോപ്പിനുള്ള ഷെല്‍ട്ടറുകള്‍ എന്നിവ പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.




പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വാനനിരീക്ഷണ കേന്ദ്രമായും ശാസ്ത്ര വിഷയങ്ങള്‍ വിശകലനം ചെയ്യുന്നതിനുള്ള ഇടമായും ഇത് മാറും. രാത്രിയിലെ ആകാശ നിരീക്ഷണവും സൂര്യ നിരീക്ഷണവും കേന്ദ്രത്തില്‍ സാധ്യമാകും. ശില്‍പശാലകളും സെമിനാറുകളും എക്‌സിബിഷനുകളും നടത്താനും ഡി.പി.ആറില്‍ വിഭാവനം ചെയ്യുന്നുണ്ട്.
സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതിക്ക് 50 ലക്ഷം രൂപയുടെ അനുമതി നല്‍കിയത്. മണിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ ടേക്ക് എ ബ്രേക്ക് ബ്ലോക്കും ഇതേ കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. പദ്ധതി റിപ്പോര്‍ട്ടിന് ധനകാര്യ വകുപ്പില്‍നിന്നും വിദ്യാഭ്യാസ വകുപ്പില്‍നിന്നും അനുമതി ലഭ്യമായയുടന്‍ ടെണ്ടര്‍ നടപടികളിലേക്ക് നീങ്ങുമെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ അറിയിച്ചു.
Maniyoor Observatory DPR of Rs 50 lakhs submitted













































