അഴിയൂർ: (vatakara.truevisionnews.com) തദ്ദേശ തെരഞ്ഞെടുപ്പിൽ അഴിയൂരിൽ ഐഎൻഎൽ മത്സരരംഗത്തു നിന്ന് പിന്മാറി. എൽഡിഎഫ് സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ഐഎൻഎൽ പിന്മാറിയത് .
എൽഡിഎഫുമായുള്ള സീറ്റ് വിഭജന ചർച്ച പരാജയപ്പെട്ടതിനാൽ അഴിയൂർ പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഐഎൻഎൽ ബഹിഷ്കരിച്ചു. വിജയ സാധ്യതയുള്ള സീറ്റ് നൽകണമെന്ന ആവശ്യം എൽഡിഎഫ് തള്ളിയതാണ് ഐഎൻഎൽ മാറി നിൽക്കാൻ കാരണം.
ചർച്ചകൾ പലതും നടന്നെങ്കിലും പ്രതീക്ഷിച്ച വാർഡ് കിട്ടാതായതോടെയാണ് ഐഎൻഎൽ ബഹിഷ്കരണത്തിലേക്ക് നീങ്ങിയത്. യുഡിഎഫിന് വൻമേൽക്കെയുള്ള വാർഡുകളിൽ ഒതുക്കാനുള്ള നീക്കം ഐഎൻഎൽ അംഗീകരിച്ചില്ല. ഇതോടെ ഒറ്റക്ക് മത്സരിക്കാമെന്ന നിർദേശമുയർന്നു.
മൂന്നു വാർഡുകളിൽ തനിച്ച് മത്സരിക്കണമെന്ന ആഗ്രഹമാകട്ടെ നേതൃത്വം നിരുത്സാഹപ്പെടുത്തുകയും ചെയ്തതോടെയാണ് ഐഎൻഎൽ മത്സരരംഗത്ത് നിന്ന് പിന്മാറിയത്. കഴിഞ്ഞ ദിവസം കുഞ്ഞിപ്പള്ളിടൗണിലെ ഓഡിറ്റോറിയത്തിൽ നടന്ന ഇടതു കൺവൻഷൻ ബഹിഷ്‌കരിക്കുകയും ചെയ്തു.
പോളിംഗിന്റെ രണ്ട് ദിവസം മുമ്പ് യോഗം ചേർന്ന് ആർക്ക് വോട്ടു ചെയ്യുമെന്ന് തീരുമാനിക്കുമെന്ന് ഐഎൻഎൽ നേതൃത്വം വ്യക്തമാക്കി. എഡ്ഡിപിഐക്കും ബിജെപിക്കും വോട്ട് ചെയ്യില്ലെന്നും ഇക്കൂട്ടർ പറഞ്ഞു.
Denied seat, local elections, INL




































