വടകര:(vatakara.truevisionnews.com) സംസ്ഥാന യൂത്ത് പുരുഷ-വനിതാ ഉത്തരമേഖലാ വോളിബോൾ ചാമ്പ്യൻഷിപ്പ് 20, 21 തീയ്യതികളിൽ വടകര ശ്രീനാരായണ എൽപി സ്‌കൂൾ ഇന്റോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. സംസ്ഥാന-ജില്ലാ വോളിബോൾ അസോസിയേഷന്റെയും വടകര വോളി ലവേഴ്‌സിന്റെയുംആഭിമുഖ്യത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ കാസർകോട് മുതൽ തൃശ്ശൂർ വരെയുള്ള ഏഴ് ജില്ലയിലെ ടീമുകൾ മത്സരിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇരുപതിന് രാവിലെ 9 മണി മുതൽ വനിതാ വിഭാഗം മത്സരവും ഉച്ചക്ക് ശേഷം രണ്ട് മുതൽ പുരുഷ വിഭാഗം മത്സരവുമാണ് നടക്കുക. 21 ന് പുരുഷവിഭാഗം മത്സരം രാവിലെ മുതൽ തുടരുന്നതാണ്. കേരളത്തിലെ പ്രമുഖ സംസ്ഥാന താരങ്ങളും കണ്ണൂർ, കോഴിക്കോട്, കേരള യൂനിവേഴ്സിറ്റി താരങ്ങളും വിവിധ ജില്ലാ ടീമുകൾക്ക് വേണ്ടി മത്സരിക്കുന്നതാണ്.
20ന് കാലത്ത് സംസ്ഥാന വോളിബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി സി.സത്യൻ മത്സരം ഉദ്ഘാടനം ചെയ്യും. മത്സര നിയന്ത്രണത്തിനായി വിവിധ ജില്ലകളിൽ നിന്നുള്ള ദേശീയ അന്തർദേശീയ റഫറിമാർ എത്തും.
പുറമെ ചാമ്പ്യൻഷിപ്പിന്റെ ഒബ്ലർവർ, കൺട്രോൾ കമ്മിറ്റി, സെലക്ഷൻ കമ്മിറ്റി എന്നിവരും എത്തിച്ചേരും. രാത്രി വരെ തുടരുന്ന മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്കുള്ള താമസ സൗകര്യവും ഭക്ഷണവും സ്വാഗതസംഘം ഏർപ്പാട് ചെയ്തു. ജനുവരി 13 മുതൽ 16 വരെ ആലപ്പുഴയിൽ നടക്കുന്ന സൂപ്പർ സോൺ യൂത്ത് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി വടകരയിൽ നടക്കുന്ന ഈ ചാമ്പ്യൻഷിൽ നിന്ന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന ടീമുകൾ അർഹത നേടും.
പി.എം. മണിബാബു ചെയർമാനും കെ.പി.രാജീവൻ കൺവീനറും ഫിറോസ്. വി. ട്രഷററുമായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചാമ്പ്യൻഷിപ്പ് നടത്തുന്നത്. വാർത്താസമ്മേളനത്തിൽ ജില്ലാ വോളിബോൾ അസോസിയേഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രാഘവൻ മാണിക്കോത്ത്, ജോയിന്റ് സെക്രട്ടറി സി.വി.വിജയൻ, സ്വാഗതസംഘം ട്രഷറർ വി.ഫിറോസ്, വി.പി. അനീഷ്, എം.കെ.ഹരീഷ് എന്നിവർ പങ്കെടുത്തു.
The Northern Zone Volleyball Championship will be held in Vadakara on the 20th and 21st.










































