വടകര: (https://vatakara.truevisionnews.com/)തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വടകര മുനിസിപ്പൽ മുതിർന്ന അംഗം കുളങ്ങരത്ത് നിന്നു തെരഞ്ഞെടുക്കപ്പെട്ട കെ.സരോജിനി വരണാധികാരി ഡിഎഫ്‌ഒ വി.സന്തോഷ് കുമാർ മുമ്പാകെ ആദ്യം പ്രതിജ്ഞയെടുത്തു. തുടർന്ന് വാർഡ് ക്രമത്തിൽ മറ്റംഗങ്ങൾക്ക് കെ.സരോജിനി സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കാൻ നിരവധി പേരാണ് നഗരസഭ ഓഫീസ് പരിസരത്ത് എത്തിയത്.
കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിപിഎം, സിപിഐ പ്രതിനിധികൾ ഒഞ്ചിയം രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന പുറങ്കരയിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും പ്രതിജ്ഞയും നടത്തിയാണ് നഗരസഭ അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ സത്യപ്രതിജ്ഞക്ക് എത്തിയത്.
സത്യപ്രതിജ്ഞക്ക് ശേഷം കെ.സരോജിനിയുടെ അധ്യക്ഷതയിൽ ആദ്യ യോഗം ചേർന്നു. ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിന്റെ അറിയിപ്പ് വരണാധികാരി യോഗത്തിൽ വായിച്ചു. 26ന് രാവിലെ 10.30ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പും 2.30ന് വൈസ് ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പും നടക്കും. സെക്രട്ടറി ഡി.വി.സനൽ കുമാർ സ്വാഗതവും ആർ.ഗണേശൻ നന്ദിയും പറഞ്ഞു.തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ ബ്ലോക്ക് ട്രൈസം ഹാളിൽ നടന്നു.
മുതിർന്ന അംഗം ചെമ്മരത്തൂർ ഡിവിഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എൽഡിഎഫ് പ്രതിനിധി ഒ.പി.ചന്ദ്രൻ അധ്യക്ഷനായി. വരണാധികാരി പി.ഗീത മുമ്പാകെ മുതിർന്ന അംഗമായ ഒ.പി.ചന്ദ്രൻ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് ഡിവിഷൻ ക്രമത്തിൽ മറ്റ് അംഗങ്ങളും ഒ.പി.ചന്ദ്രൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സെക്രട്ടറി വി.പി.മോഹൻദാസ് സ്വാഗതം പറഞ്ഞു.
മണിയൂർ പഞ്ചായത്തിൽ മുതിർന്ന അംഗം ടി.ടി.മൊയ്തുവിന് റിട്ടേണിങ് ഓഫീസർ ആരതി സത്യ വാചകം ചൊല്ലിക്കൊടുത്തു. വാർഡ് ക്രമത്തിൽ മറ്റംഗങ്ങളും ടി.ടി.മൊയ്തു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
വില്യാപ്പള്ളിയിൽ മുതിർന്ന അംഗം പി.പി.പ്രഭാകരൻ റിട്ടേണിങ് ഓഫീസർ അനിൽ കുമാർ മുമ്പാകെ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് മറ്റ് അംഗങ്ങൾക്ക് പി.പി.പ്രഭാകരൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ആയഞ്ചേരിയിൽ റിട്ടേണിങ് ഓഫീസർ പ്രേമചന്ദ്രൻ മുതിർന്ന അംഗം എൻ.കെ. ഗോവിന്ദന് സത്യവാചകം ചൊല്ലിക്കൊടുത്തു.
തുടർന്ന് മറ്റ് അംഗങ്ങളും എൽ.കെ.ഗോവിന്ദൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. തിരുവള്ളൂരിൽ മുതിർന്ന അംഗം കുണ്ടാറ്റിൽ മൊയ്തുവിന് റിട്ടേണിങ് ഓഫീസർ സുനിൽ കുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റംഗങ്ങളും വാർഡ് ക്രമത്തിൽ മൊയ്തു കുണ്ടാറ്റിൽ മുമ്പാകെ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
New governing council takes office in local self-government institutions










































