വടകര: (https://vatakara.truevisionnews.com/ ) സർഗാലയ കേരള ആർട്‌സ് ആന്റ് ക്രാഫ്റ്റ്സ് വില്ലേജ് സംഘടിപ്പിക്കുന്ന പതിമൂന്നാമത് അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് നാളെ തുടക്കമാവും.
ഡിസംബർ 23 മുതൽ ജനുവരി 11 വരെയാണ് മേള നടക്കുന്നത്. ഔപചാരിക ഉദ്ഘാടനം 25-ന് വൈകീട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ഷാഫി പറമ്പിൽ എംപി, കളക്ടർ സ്നേഹിൽകുമാർ സിങ്, നബാർഡ് കേരള റീജിയൻ ചീഫ് ജനറൽ മാനേജർ നാഗേഷ് കുമാർ അനുമാല എന്നിവർ പങ്കെടുക്കും.
മേളയിൽ ബലാറസ്, ഈജിപ്ത്, ഇറാൻ, ഇസ്രയേൽ, ജോർദാൻ, കസാഖിസ്ഥാൻ, നേപ്പാൾ, റഷ്യ, ശ്രീലങ്ക, സിറിയ, താജിക്കിസ്ഥാൻ, തായ്‌വാൻ, തായ്‌ലൻഡ്, ഉഗാണ്ട, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിൽ നിന്നും മുന്നൂറോളം കരകൗശല വിദഗ്ദർ പങ്കെടുക്കും.
നിരവധി പുതുമകളുമായാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്. ഹാൻഡും തീം പവലിയൻ, ഹാൻഡ്‌ലൂം ഫാഷൻ ഷോ മത്സരം, കേരളീയ ഭക്ഷ്യമേള, ഫ്ളവർ ഷോ, ടൂറിസം എക്‌സ്പോ, പ്രമുഖർ പങ്കെടുക്കുന്ന ടൂറിസം ടോക്ക് ഷോ, വാഹന പ്രദർശനം, കളരി പ്രദർശനം, വിവിധ വിനോദോപാധികൾ എന്നിവയുണ്ട്.
ഇത്തവണ പ്രത്യേകമായി രാജസ്ഥാൻ ഭക്ഷ്യവിഭവങ്ങൾ മേളയിൽ ഒരുക്കുന്നുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ഫാഷൻ ഷോ ജനുവരി 10-ന് നടക്കും. രാജ്യത്തിനകത്തും പുറത്തും നിന്നായി രണ്ടുലക്ഷത്തിലധികം പേർ മേള കാണാനെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ പറഞ്ഞു.
Sargalaya, the international arts and crafts fair, will begin in Vadakara tomorrow




































