വടകര: (https://vatakara.truevisionnews.com/) മലിനജലം നിറഞ്ഞ ഓവുചാലിലൂടെ ശുദ്ധ ജല വിതരണ പൈപ്പ് കടന്നുപോകുന്നത് കണ്ട് ആശങ്ക പ്രകടിപ്പിച്ച് പ്രദേശവാസികൾ. വടകര മുനിസിപ്പാലിറ്റിയിലെ കസ്റ്റംസ് റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി പഴയ കലുങ്ക് പൊളിച്ചപ്പോഴാണ് ആരോഗ്യത്തിനു
ഗുരുതരമാകുന്ന കാഴ്ച കാണാനായത്. മലിന ജലം നിറഞ്ഞ ഓടയിലാണ് ശുദ്ധ ജല വിതരണ പൈപ്പ് കിടക്കുന്നത്. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് നടത്തുന്ന നവീകരണത്തിന്റെ ഭാഗമായി അഞ്ച് അടി താഴ്ചയിൽ പുതിയ കലുങ്ക് നിർമിക്കുന്ന പ്രവൃത്തിക്കിടയിലാണ് കുടിവെള്ള പൈപ്പ് കാണുന്നത്.
വാട്ടർ അതോറിറ്റിയുടെ പൈപ്പ് റോഡിനു മുകളിലൂടെ വേണമെന്ന് നാട്ടുകാർ ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. എന്നാൽ പൈപ്പ് മാറ്റണമെങ്കിൽ രണ്ടു ലക്ഷം രൂപ കെട്ടിവെക്കണമെന്ന നിലപാടാണ് വാട്ടർ അതോറിറ്റിയുടേത്. രണ്ട് വകുപ്പും പിടിവാശികാണിച്ചാൽ നാട്ടുകാരുടെ ആരോഗ്യം പരുങ്ങലിലാവും.
പ്രശ്‌നത്തിൽ അടിയന്തര നടപടി വേണമെന്നും ശുദ്ധജലവിതരണ പൈപ്പ് മലിനജലത്തിൽ നിന്നു മാറ്റണമെന്നും കോൺഗ്രസ് താഴെ അങ്ങാടി കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉൾപെടെയുള്ളവരെ സമീപിക്കാൻ യോഗം തീരുമാനിച്ചു.
കെഎംപി ഹാരിസ് അധ്യക്ഷത വഹിച്ചു. കെ.പി.നജീബ്, നവാസ് മുകച്ചേരി, ടി.പി. രാജീവൻ, കെ.പി. അബ്ബാസ്, മീത്തൽ നാസർ എന്നിവർ സംസാരിച്ചു. സി.സി.സുബൈർ സ്വാഗതവും, പെരിങ്ങാടി മുഹമ്മദ് നന്ദിയും പറഞ്ഞു.
The clean water supply pipe is lying in the dirt








































