Sep 4, 2025 01:54 PM

വടകര: (vatakara.truevisionnews.com) അഴിയൂർ ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡിൽ നിന്നും ജാതിമത വർഗ്ഗ സങ്കുചിത ചിന്തകൾക്കതീതമായ ഒത്തൊരുമയുടേയും സഹവർത്തിത്വത്തിൻ്റെയും ഒരു ഓണസന്ദേശം. വാർഡിലെ അഗതി-ആശ്രയ കുടുംബമായ ലീലക്കും മകൾ സുനിതക്കും ആശ്വാസ വീടായി.

വൈദ്യർകുനി കോളനിയിലെ ചോർന്നൊലിക്കുന്ന കട്ട കൊണ്ട് നിർമ്മിച്ച വീട്ടിൽ ദുരിതം ജീവിതം നയിച്ചു വന്ന 72 വയസ്സുള്ള ലീലക്കും ജന്മനാ ബുദ്ധിമാന്ദ്യം സംഭവിച്ച മകൾ സുനിതക്കും 16 ആം വാർഡ് എസ്ഡിപിഐ വാർഡ്‌ മെമ്പർ സാലിം പുനത്തിലിൻ്റെ നേതൃത്വത്തിൽ, വാർഡിലേയും മറ്റും സുമനുസ്സുകളുടെ സഹായത്തോടെ നിർമ്മിച്ച് നൽകിയ "സുനിതാലയം" വീടിൻ്റെ പാലുകാച്ചലും താക്കോൽദാനവും നാടിൻ്റെ ഉത്സവമാക്കി.

കോഴിക്കോട് ജില്ല പഞ്ചായത്ത് മെമ്പർ നിഷ പുത്തമ്പുരയിൽ താക്കോൽദാനം നിർവ്വഹിച്ചു. ലീലയുടെ ഭർത്താവ് ലക്ഷ്മണൻ 32 വർഷം മുമ്പ് മരണപ്പെട്ടിരുന്നു. ഭിന്നശേഷിക്കാരനായ മകനും 25 വർഷം മുമ്പ് മരിച്ചു. ശേഷം ജന്മനാ ബുദ്ധിമന്ദ്യം ഉള്ള അഴിയൂർ പഞ്ചായത്ത് ഭിന്നശേഷി വിദ്യാലയത്തിലെ വിദ്യാർത്ഥിയായ മകൾ സുനിതയുമൊത്ത് ഓലക്കുടിലിൽ ദുരിതം ജീവിതം നയിച്ച് വരികയായിരുന്നു.

സാമൂഹ്യ സുരക്ഷ പെൻഷനും പലരുടേയും സഹായവും കൊണ്ടായിരുന്നു ജീവിതം കഴിഞ്ഞ് വന്നത്. 18 വർഷം മുമ്പ് കട്ട കൊണ്ടുള്ള വീട് നിർമ്മിച്ചു. പഞ്ചായത്തിൻ്റെ സഹായത്താൽ മേൽക്കൂര മാറ്റിയെങ്കിലും വീടിനുള്ളിൽ ചോർന്നൊലിക്കുന്ന അവസ്ഥയായിരുന്നു. വീടിൻ്റെ പടിഞ്ഞാറ് ഭാഗത്ത് നടുത്തോട് ആയതിനാൽ മഴക്കാലത്ത് വീടും പരിസരവും വെള്ളം കയറും. ഈ സമയത്ത് പുറത്തിറങ്ങാനോ ബാത്‌റൂമിൽ പോകാനോ സാധിക്കുമായിരുന്നില്ല. അടുക്കള ഷീറ്റ് മറച്ചായിരുന്നു ഉപയോഗിച്ചത്. അടച്ചുറപ്പുള്ള വാതിൽ പോലും ഇല്ലാത്തതിനാൽ രാത്രി കാലങ്ങളിൽ സുരക്ഷ ഭീഷണിയും നിലനിന്നിരുന്നു.

ഒന്നര വർഷം മുമ്പത്തെ കനത്ത മഴക്കാലത്തെ കുടുംബത്തിൻ്റെ പ്രയാസങ്ങൾ കണ്ടാണ് വാർഡ് മെമ്പർ സാലിം പുനത്തിൽ ലീലക്കും സുനിതക്കും ഒരു അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നത്തിന് വേണ്ടി തുനിഞ്ഞിറങ്ങിയത്. രണ്ട് പേരേയും മാറ്റി പാർപ്പിക്കുന്നതടക്കമുള്ള പ്രതിബന്ധങ്ങൾ തടസ്സമായെങ്കിലും കഴിഞ്ഞ ഫെബ്രുവരി 7 ന് പഴയ വീട് പൊളിച്ചുമാറ്റി പ്രവൃത്തി ആരംഭിച്ചു. പഴയ വീട് പൊളിച്ച കട്ടകൾ കൊണ്ട് സമീപത്ത് ഒരു ഒറ്റമുറി നിർമ്മിച്ചു ഇവരെ മാറ്റി പാർപ്പിച്ചു.

വീടുപണി ആരംഭിച്ചതോടെ സുമനുസ്സുകളുടെ നിർലോഭ സഹായമാണ് ലഭിച്ചത്. പ്രവാസികൾ അടക്കമുള്ള പലരും അവരാൽ കഴിയുന്നത് വാർഡ് മെമ്പറെ ഏൽപ്പിച്ചു. സിമൻ്റും കമ്പിയും പൂഴിയും കൂലിയും ഇപ്പോൾ ടിവിയും ഫ്രിഡ്ജും വരെ നാട്ടുകാർ നൽകി. അഴിയുർ ബൈത്തുസക്കാത്ത് കമ്മറ്റിയാണ് ഇലക്ട്രിക്കൽ - പ്ലംബിംഗ് സാധനങ്ങൾ നൽകിയത്. അഴിയൂർ വനിത സഹകരണ സംഘം, പൊതുപ്രവർത്തകർ, വിവിധ വ്യക്തികൾ തുടങ്ങിയവരെല്ലാം സാമ്പത്തികമായും മറ്റും സഹായിച്ചു.

തിരുവോണത്തിന് മുമ്പ് ഗൃഹപ്രവേശം നടത്തണം എന്ന തീരുമാനത്തിൽ തിരക്കിട്ടാണ് മുഴുവൻ പണിയും പൂർത്തീകരിച്ചത്. ജീവിതത്തിൽ ഒരു ആഘോഷം ലീലക്കും സുനിതക്കും ഇല്ലാത്തതിനാൽ ആഘോഷ തിമർപ്പിൽ ചടങ്ങ് നടത്താനാണ് പ്രദേശവാസികളുടെ തീരുമാനിച്ചത്. ബുധനാഴ്ച കാലത്ത് ഗണപതി ഹോമവും പാലുകാച്ചലും നടന്നു. വാർഡിലേയും പരിസരത്തേയും മുഴുവൻ വീട്ടുകാരേയും ക്ഷണിച്ചിരുന്നു.

ആയിരം പേർക്ക് ബിരിയാണിയും പായസ വിതരണവും ഉണ്ടായി. പല വീടുകളിലും ചടങ്ങുകളിൽ ഗാനമേള കണ്ട ഓർമ്മയിൽ "എനിക്ക് പാട്ട് ബേണം" എന്ന സുനിതയുടെ ആവശ്യം പരിഗണിച്ച് ചെറിയ ഗാനമേളയും മെംബറുടെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ സാലിം പുനത്തിൽ അദ്ധ്യക്ഷത വഹിച്ചു. സീനത്ത് ബഷീർ, ജയചന്ദ്രൻ കെ കെ, ശ്രീധരൻ കൈപ്പാട്ടിൽ, രാജൻ കെ വി, റഫീഖ് അഴിയൂർ, ജലീൽ സി കെ, പള്ള്യൻ പ്രമോദ്, ചിത്രകാരൻ ഫിറോസ് ഹസ്സൻ വടകര, സാഹിർ പുനത്തിൽ, സംസാരിച്ചു.

വാർഡ് മെമ്പർക്കുള്ള പ്രദേവാസികളുടെ ഉപഹാരം ഷിജു ഇ ടി നൽകി. അഴിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ രമ്യ കരോടി, റീന രയരോത്ത്, സജീവൻ സി എം, സാവിത്രി ടീച്ചർ, ഉമ്മർ പുളിഞ്ഞോളി, സവാദ് വടകര, വിജയൻ പെരിങ്ങോട് സംബന്ധിച്ചു.

new home for Leela and her daughter Sunitha, a destitute family in Azhiyur

Next TV

Top Stories










News Roundup






//Truevisionall