വടകര:(https://vatakara.truevisionnews.com/) ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ പിറന്ന പെൺകുഞ്ഞിനും അമ്മയ്ക്കും ആശുപത്രി മാനേജ്‌മെന്റ് സ്നേഹോപഹാരം നൽകി ആദരിച്ചു.
പ്രസവ വേദനയോടെ യുവതി ഹോസ്പിറ്റലിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ കുഞ്ഞ് പുറത്തു വരുന്ന അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഉടൻ തന്നെ അത്യാഹിത വിഭാഗം ഡോക്ടർ വാഹനത്തിൽ നിന്ന് കുഞ്ഞിനെ പുറത്തെടുക്കാൻ തീരുമാനിച്ചു. എന്നാൽ, കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റിയ നിലയിൽ ആയിരുന്നു. സങ്കീർണ്ണമായ ഈ സാഹചര്യത്തിൽ മനസാന്നിധ്യം കൈവിടാതെയും കൃത്യമായ ഇടപെടലിലൂടെയും ഡോക്ടർമാർ അമ്മയെയും കുഞ്ഞിനേയും സുരക്ഷിതരാക്കി. അത്യാഹിത വിഭാഗത്തിൽ വെച്ച് നടന്ന പ്രസവത്തിൽ അമ്മയും കുഞ്ഞും സുഖം പ്രാപിച്ചതിന്റെ സന്തോഷം പങ്കുവെക്കുന്നതിനായിട്ടാണ് ആശുപത്രി അധികൃതർ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചത്.
അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും അർപ്പണബോധവും കൃത്യതയാർന്ന പരിചരണവുമാണ് ഈ അടിയന്തിര സാഹചര്യത്തിലും അമ്മയ്ക്കും കുഞ്ഞിനും പുതുജീവൻ നൽകിയതെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.
പരിപാടിയിൽ എമർജൻസി വിഭാഗം ലീഡ് കൺസൾട്ടന്റ് ഡോ. ഷമീൽ ഉസ്മാൻ മൊയ്‌ദു, അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. ശ്രുതി അജിത് കുമാർ, സീനിയർ പീഡിയാട്രീഷ്യൻ ഡോ. ദിൽഷാദ് ബാബു, കൺസൾട്ടന്റ് നിയോനാറ്റോളജിസ്റ്റ് ഡോ. നൗഷീദ് അനി, മെഡിക്കൽ ഓഫീസർ ഡോ. റയീസ്, ഹോസ്പിറ്റൽ സീനിയർ അഡ്മിനിസ്ട്രേഷൻ & ഹ്യൂമൻ റിസോഴ്സസ് മാനേജർ ശ്രീ അജയൻ താവത്ത് എന്നിവർ സംസാരിച്ചു. നിലവിൽ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
A loving gift from the management of Vadakara Baby Memorial Hospital


































